പന്തളം : മാവര പാടത്തുനിന്ന് കൊയ്‌തെടുക്കുന്ന നെല്ല് ഇത്തവണയും അരിയായും അരിപ്പൊടിയായും വിപണിയിലെത്തും. കൃഷി വകുപ്പും മാവര പാടശേഖരസമിതിയും ഫാർമേഴ്‌സ് ക്ലബ്ബും ചേർന്ന് തുടക്കംകുറിച്ച പദ്ധതിയുടെ തുടർച്ചയായാണ് ഇത്തവണയും മാവര പാടത്തെ കൃഷിയിറക്കലിലൂടെ ലക്ഷ്യമിടുന്നത്. പാടശേഖര സമിതിതന്നെ നെല്ല് മില്ലിലെത്തിച്ച് കുത്തിയാണ് എടുക്കുന്നത്. പുഴുക്കലരിയും ഉണക്കലരിയും പ്രത്യേകം വില്പനയ്ക്കുണ്ട്. ഉമ, പൗർണമി ഇനങ്ങളിൽപെട്ട വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിത്ത്, കുമ്മായം, കൂലി, ചെലവ്, സബ്‌സിഡി എന്നിവ കർഷകർക്ക് നൽകുന്നു.
ഉത്‌പാദിപ്പിക്കുന്ന നെല്ലിൽ ഒരുഭാഗം സപ്ലൈകോയ്ക്ക് നൽകും. ബാക്കി തട്ട ബ്രാൻഡ് മാവര റൈസ്, മാവര പുട്ടുപൊടി, ഇടിയപ്പം പൊടി, പായസം നുറുക്ക് എന്നീ മൂല്യവർധിത ഉത്പന്നങ്ങളായും മാവര കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വിപണിയിലെത്തും. വിത്തുവിത ഉത്സവത്തിന്റെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. പെരുമ്പുളിക്കൽ വാർഡ് മെമ്പർ എ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പാടശേഖരസമിതി സെക്രട്ടറി എസ്.മോഹനൻ പിള്ള, നെൽകർഷകർ, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി.ജോസഫ് എന്നിവർ പങ്കെടുത്തു.