മൈസൂര്‍: പത്മശ്രീ അവാര്‍ഡ് ജേതാവും കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ (70) മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയില്‍ ഒഴുകിവന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്ത്. ശനിയാഴ്ച രാവിലെ നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് 11.30 മണിയോടെ മൃതദേഹം പുറത്തെടുത്തതായി മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദണ്ഡി പറഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പുഴയുടെ കരയില്‍നിന്നും ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം പാര്‍ക്കുചെയ്ത നിലയില്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മൈസൂര്‍ കമ്മീഷണര്‍ സീമ ലത്കര്‍ പറഞ്ഞു. മെയ് ഏഴാംതീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. സുബ്ബണ്ണയെ കാണാതായതായി സൂചിപ്പിച്ച് ബന്ധുക്കള്‍ മൈസൂരിലെ വിദ്യാരണ്യപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ധ്യാനത്തിലും മറ്റും തല്‍പരനായിരുന്നു സുബ്ബണ്ണ, അതുകൊണ്ടുതന്നെ നഗരത്തിലെ ധ്യാനകേന്ദ്രങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവിടെയൊന്നും അദ്ദേഹത്തെ കണ്ടെത്താനായില്ല. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തന്റെ ഇരുചക്രവാഹനം സ്വന്തമായി ഓടിച്ചാണ് സുബ്ബണ്ണ നദീതീരത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കമ്മീഷണര്‍ സീമ ലത്കര്‍ പറഞ്ഞു.