ഡല്‍ഹി : ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. കോവിഡ് 19 മൂലം മരിച്ചതിനേക്കാള്‍ കൂടുതലായിരിക്കും മുന്നോട്ടുള്ള നാളില്‍ പകര്‍ച്ചവ്യാധി മരണങ്ങളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു.
മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ് മാറേണ്ടതെന്ന് ഐപിബിഇഎസ് (ഇന്റര്‍ഗവര്‍ണമെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിനും ജൈവ സമ്പത്ത് ഇല്ലാതാക്കുന്നതിനും കാരണമാകുന്ന മനുഷ്യന്റെ പ്രവര്‍ത്തികള്‍ തന്നെയാണ് മഹാമാരികള്‍ വരുത്തിവെയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രോഗവ്യാപനത്തിന് ശേഷം പൊതു ആരോഗ്യ സംവിധാനവും സാങ്കേതികവിദ്യയും ആശ്രയിക്കുന്നത് അസ്ഥിരമായ ഒന്നാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൈവസമ്പത്ത് ഇല്ലാതാക്കുന്ന മനുഷ്യന്റെ ഇടപെടലുകളില്‍ കാര്യമായ കുറവുണ്ടായാല്‍ മഹാമാരികളും അകറ്റിനിര്‍ത്താനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.