ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പിന്തുണ നൽകിയ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ള 11 പേർക്ക് പാകിസ്താനിൽ മാധ്യമ വിലക്ക്.സൈന്യത്തിന്റെയും സർക്കാറിന്റെയും വിമർശകരെന്ന പേരിലാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെംറ) വിലക്ക് ഏർപ്പെടുത്തിയത്. ‘പ്രഖ്യാപിത കുറ്റവാളികൾ’ എന്നാരോപിക്കപ്പെട്ട ഇവർ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നാണ് വിലക്കിയത്. സിന്ധ് ഹൈകോടതിയുടെ നിർദേശം പരിഗണിച്ചാണ് തീരുമാനമെന്ന് പെംറ അറിയിച്ചു.
ഇംറാൻ ഖാനെ പിന്തുണക്കുന്ന മാധ്യമ പ്രവർത്തകരായ സാബിർ ശാക്കിർ, മുഈദ് പീർസാദ, വജഹത് സഈദ് ഖാൻ, ശഹീൻ സെഹ്ബായ്, ഇംറാൻ സർക്കാറിലുണ്ടായിരുന്ന മുറാദ് സഈദ്, അലി നവാസ് അവാൻ, ഇംറാനോട് സൈന്യം സ്വീകരിച്ച നിലപാടിനെ വിമർശിച്ച പാക് സൈന്യത്തിലെ മുൻ മേജറായ ആദിൽ ഫാറൂഖ് രാജ ഉൾപ്പെടെയുള്ള വർക്കാണ് വിലക്ക്. ഇവർക്ക് പുറമെ സയ്യിദ് അക്ബർ ഹുസൈൻ ഷാ, ഹൈദർ റാസ മെഹ്ദി, ഫാറൂഖ് ഹബീബ്, ഹമ്മാദ് അസ്ഹർ എന്നിവരും പട്ടികയിലുണ്ട്. മുൻ മേജറായ ആദിൽ ഫാറൂഖ് രാജ യു.കെയിലാണ് താമസം. അതേസമയം, അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ പട്ടികയലിുള്ള മറ്റുള്ളവരും രാജ്യം വിട്ടതായാണ് വിലയിരുത്തൽ.