ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പാകിസ്താൻ തുടർന്ന് മൂന്ന് ദിവസങ്ങളിലായി 600 ഓളം ഡ്രോണുകളാണ് ഇന്ത്യയിലേക്ക് അയച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാനായിരുന്നു പാകിസ്താൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യ ഒരുക്കിയ സുസജ്ജമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്താന്റെ ശ്രമങ്ങൾ നിഷ്ഫലമാക്കി. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലുമായി ആയിരത്തിലധികം ആർമി എയർ ഡിഫൻസ് സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ഡ്രോണുകൾ പോലെയുള്ള ചെറിയ ലക്ഷ്യങ്ങളെ തകർക്കാനായി സജ്ജമാക്കിയവയാണ് ഇവ. ഇതിനൊപ്പം 750 ഹ്രസ്വദൂര ലഘു മിസൈൽ സംവിധാനവും ഒരുക്കിയിരുന്നു. ഇവ സംയോജതമായാണ് ഡ്രോണുകളെ നേരിട്ടത്. ഡ്രോണുകൾക്കെതിരെ ആകാശ്, ബരാക്, എസ്-400 സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ചെലവ് വർധിക്കുന്നതിന് കാരണമാകും. ഇത് മുന്നിൽ കണ്ടാണ് ഇന്ത്യ ഈ സംവിധാനങ്ങൾ ഉപയോഗിച്ചത്. ഇതിലൂടെ റഡാർ സിഗ്നേച്ചറുകൾ പാക് വ്യോമസേനയ്ക്ക് ലഭിക്കുന്നത് കുറയ്ക്കാനുമാകും. പാക് സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ ഇന്ത്യ മറ്റൊരു പദ്ധതിയുമൊരുക്കി. യുദ്ധവിമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രത്യേക സംവിധാനമൊരുക്കി പാകിസ്താനിലേക്ക് ഡ‍്രോണുകളെ അയച്ചു. ഇന്ത്യൻ യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ച് പാകിസ്താൻ അവരുടെ വ്യോമപ്രതിരോധ സംവിധാനം ആക്ടിവേറ്റ് ചെയ്യുകയും ഇന്ത്യ അയച്ച ഡമ്മി എയർക്രാഫ്റ്റിനെ ആക്രമിക്കുകയും ചെയ്തു.
ഇതിലൂടെ പാകിസ്താനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ലൊക്കേഷൻ ഇന്ത്യയ്ക്ക് കൃത്യമായി മനസിലാക്കാനായി. ഈ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ അയച്ചതോടെ 11 പാക് സേനാ കേന്ദ്രങ്ങളിലാണ് നാശം വിതയ്ക്കാനായത്. ഇന്ത്യയുടെ തന്ത്രത്തിൽ വീണ പാകിസ്താന് പ്രതികരിക്കാനുള്ള സമയം പോലും ലഭിച്ചില്ല. ഓപ്പറേഷൻ സിന്ദൂർ ട്രെയ്‌ലർ മാത്രമാണെന്നും സമയം വരുമ്പോൾ എന്താണ് സംഭവിക്കുക എന്ന് പാകിസ്താന് വ്യക്തമായി മനസിലാകുന്ന തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇനിയും സംഘർഷമുണ്ടാക്കിയാൽ തിരിച്ചടി ഇതിലും കടുത്തതാകുമെന്ന മുന്നറിയിപ്പും അദ്ദേഹം പാകിസ്താന് നൽകിയിരുന്നു.