ഇസ്ലാബാമാദ്: സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. പി.ടി.ഐയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലാഹോര്‍ കോര്‍പ്സ് കമാന്‍ഡര്‍ ഹൗസ്, മിയാന്‍വാലി എയര്‍ബേസ്, ഫൈസലാബാദിലെ ഐഎസ്ഐ കെട്ടിടം എന്നിവയുള്‍പ്പെടെ നിരവധി സൈനിക സ്ഥാപനങ്ങള്‍ പി.ടി.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.
റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ 10 പേരാണ് മരിച്ചത്. ‘നിലവില്‍ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ ആലോചനയും അവലോകനവും നടക്കുന്നുണ്ട്’- മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ ഭരണകക്ഷിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിഷയം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.