മുരിഡ്കെ: ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന ഭീകരസംഘടനയായ ജമാഅത് ഉദ് ദവായുടെ താവളം പുനർനിർമിച്ചു നൽകാമെന്ന് പാകിസ്താൻ ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ. മുരിഡ്‌കെയിലെ ജമാഅത് ഉദ് ദവായുടെ ഭീകരതാവളം മെയ് ഏഴിലെ മിസൈൽ ആക്രമണത്തിലാണ് ഇന്ത്യ തകർത്തത്. ലഷ്കർ ഇ തൊയ്ബയുടെ ഒരു ഉപസംഘടനയാണ് ജമാഅത് ഉദ് ദവാ. ലാഹോറിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രം അകലെയായ ഈ താവളമാണ് ഇന്ത്യ തകർത്തത്. ഇവിടെ ഒരു പള്ളിയും വിദ്യാഭ്യാസ സ്ഥാപനവുമാണ് ഉണ്ടായിരുന്നത് എന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. ആക്രമണത്തിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്കാരച്ചടങ്ങുകളിൽ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ഇന്ത്യ അന്താരാഷ്ട്ര തലത്തിൽത്തന്നെ ഈ ചിത്രം ഉയർത്തിക്കാട്ടി പാകിസ്താനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. യൂസഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസീർ അഹമ്മദ് എന്നിവർ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നുണ്ട്.