ന്യൂഡല്‍ഹി: പാകിസ്താന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മഹിറാഖാന്‍, ഹാനിയ ആമിര്‍ അലി സഫര്‍ തുടങ്ങിയ നടിമാരുടെ അടക്കം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് നിരോധിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 16 പാകിസ്താനി യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും സര്‍ക്കാര്‍ നിരോധിച്ചത്. 2017ല്‍ ഷാറൂഖ് ഖാന്‍ അഭിനയിച്ച റഈസ് എന്ന സിനിമയിലൂടെ മഹിറാഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. മേരെ ഹംസഫര്‍, കഭി മേ കഭി തും തുടങ്ങിയ പാകിസ്താനി നാടകങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകരില്‍ സുപരിചിതയായ നടിയാണ് ഹാനിയ ആമിര്‍. ദുരന്തം എവിടെ നടന്നാലും അത് ദുരന്തമാണെന്നായിരുന്നു പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ഹാനിയ പ്രതികരിച്ചത്.
‘ആക്രമണത്തിനിരയായ നിരപരാധികളുടെ കൂടെയാണ് എന്റെ മനസ്. വേദനയിലും സങ്കടത്തിലും പ്രതീക്ഷയിലും നമ്മള്‍ ഒന്നാണ്. നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അവരുടെ മാത്രം വേദനയല്ല, അത് എല്ലാവര്‍ക്കുമുള്ള വേദനയാണ്. നമ്മള്‍ എവിടെ നിന്ന് വരുന്നുവെന്നത് കാര്യമല്ല. വേദനയ്ക്ക് ഒരേ ഭാഷയാണ്. എപ്പോഴും നമ്മള്‍ മനുഷ്യത്വമാണ് തിരഞ്ഞെടുക്കേണ്ടത്’, എന്നായിരുന്നു ഹാനിയ ആമിറിന്റെ പ്രതികരണം. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കറെ ത്വയിബ ഭീകരന്‍ ഹാഷിം മൂസയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികളുടെ നീക്കം സജീവമായി തുടരുകയാണ്. ജമ്മു കശ്മീരില്‍ തന്നെ ഹാഷിം മൂസയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താന്‍ സമഗ്രമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ ഇയാള്‍ പാകിസ്താനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. ഹാഷിം മൂസയെക്കുറിച്ച് ഏതെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.