ന്യൂഡല്‍ഹി: അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമണത്തിനായി പദ്ധതിയിടുന്നതായി എക്‌സ് പോസ്റ്റിലൂടെ പ്രസ്താവിച്ച പാകിസ്താന്‍ മന്ത്രി അത്താവുള്ള തരാറിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വീഡിയോ പോസ്റ്റുമായി തരാര്‍ ഇന്ത്യക്കെതിരെ പ്രസ്താവനയുമായെത്തിയത്. നിയമപരമായ കാരണങ്ങളാല്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് തരാറിന്റെ എക്‌സ് അക്കൗണ്ട് പേജില്‍ കാണാനാകുന്നത്. വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങള്‍ നടത്തുന്നതായി കാണിച്ച് പാക് താരങ്ങളുടേതടക്കം പാകിസ്താനില്‍നിന്നുള്ള നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഇന്ത്യ വിലക്കിയിരുന്നു.
ഏപ്രില്‍ 30നാണ് തരാര്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായെത്തിയത്. ഇന്ത്യ ആക്രമണം നടത്തുമെന്നും അങ്ങനെയുണ്ടാകുന്ന പക്ഷം പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്നും തരാര്‍ പ്രസ്താവിച്ചിരുന്നു. ഇന്ത്യ ജഡ്ജിയും ജ്യൂറിയും ആരാച്ചാരുമായി സ്വയം അവരോധിച്ചിരിക്കുകയാണെന്നും തരാര്‍ പറഞ്ഞിരുന്നു. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയുമായി യുദ്ധമുണ്ടാകാന്‍ സാധ്യതയുള്ളതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും പ്രസ്താവന നടത്തിയിരുന്നു. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. പാകിസ്താനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുമുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന് ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യം. സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് സഹായധനം നല്‍കാനുള്ള അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ നീക്കത്തേയും ഇന്ത്യ എതിര്‍ക്കും. ഭീകരവാദത്തിന് പണം ദുരുപയോഗം ചെയ്യുന്നത് തടയാനായി രാജ്യാന്തരതലത്തിലുള്ള നിരീക്ഷകസംവിധാനമായ സാമ്പത്തിക കര്‍മസമിതിയുടെ ‘ഗ്രേ’ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ശക്തിപ്പെടുത്തും. ജമ്മു-കശ്മീരിലേക്ക് അനധികൃത പണത്തിന്റെ ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കള്ളപ്പണംവെളുപ്പിക്കല്‍, ഭീകരവാദത്തിനെത്തുന്ന ധനസ്രോതസ്സ് തുടങ്ങി ഒരു രാജ്യം നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതിനാവശ്യമായ നാമനിര്‍ദേശം നടത്തേണ്ടത്. ഇതേ മാതൃകയിലുള്ള ഏഷ്യാ പസിഫിക് ഗ്രൂപ്പ് ഓഫ് മണി ലോണ്ടറിങ്ങില്‍ പാകിസ്താനും അംഗത്വമുണ്ട്. ചില ഭീകരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറായതിനെത്തുടര്‍ന്ന് 2022-ല്‍ ഗ്രേ പട്ടികയില്‍നിന്ന് അവരെ ഒഴിവാക്കിയിരുന്നു.