ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകൾ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഖ്വാജ ആസിഫ് ഇക്കാര്യം പറയുന്നതിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ച് തെളിവുണ്ടോയെന്ന് ഖ്വാജ ആസിഫിനോട് ചോദ്യമുയർന്നിരുന്നു. ഈ ചോദ്യം കേട്ടതോടെ ഉത്തരം മുട്ടിയ ഖ്വാജ ആസിഫ് സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്ക് വിരൽ ചൂണ്ടുകയാണ് ചെയ്തത്. ഇന്ത്യൻ സോഷ്യൽ മീഡിയയിലാണ് തെളിവുള്ളതെന്നും പാക് സോഷ്യൽ മീഡിയയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ജെറ്റുകളുടെ അവശിഷ്ടങ്ങൾ വീണതിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിലുണ്ടെന്നും പാക് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.