പാലാ : കാത്തിരിപ്പിനൊടുവില്‍ പാലാ ബൈപാസ് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി.ഒപ്പം മണ്ണ് നീക്കാനുള്ള നടപടികളും ആരംഭിച്ചു. ളാലം പള്ളി മുതല്‍ സിവില്‍ സ്റ്റേഷന് വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുടക്കമിട്ടത്. പാലാ ബൈപാസ് നേരത്തേ തുറന്നുനല്‍കിയിരുന്നെങ്കിലും ളാലംപള്ളി ജങ്ഷന് മുതല്‍ സിവില്‍ സ്റ്റേഷന്‍വരെയുള്ള ഭാഗത്ത് നേരത്തേ നിശ്ചയിച്ച വീതിയില്‍ നിര്‍മാണം നടത്താന്‍ സാധിച്ചിരുന്നില്ല.
സ്ഥലം ഏറ്റെടുക്കാന്‍ നിശ്ചയിച്ച വില നിര്‍ണയത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമേറ്റെടുക്കല്‍ മുടങ്ങുകയും ഈ ഭാഗത്തെ വീതികൂട്ടല്‍ മുടങ്ങുകയുമായിരരുന്നു. ഈ ഭാഗത്ത് വീതികൂട്ടല്‍ നടപടിക്കാണ് തുടക്കമാകുന്നത്. മാണി സി. കാപ്പന് എം.എല്‍.എ ഇടപെട്ടാണ് തടസ്സങ്ങള്‍ നീക്കിയത്. ഇതിന്റെ ഭാഗമായി 2019 ഡിസംബര്‍ 19 ന് കലക്ടറുടെ ചേംബറില്‍ മാണി സി കാപ്പന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലമുടമകള്‍, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി സബ് രജിസ്ട്രാര്‍ ഓഫിസുമായി ബന്ധപ്പെട്ട് വില നിര്‍ണയ നടപടി പൂര്‍ത്തിയാക്കി. പിന്നീട് റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിലനിര്‍ണയവും പൂര്‍ത്തിയാക്കി. നഷ്ടപരിഹാരമായി 10 കോടി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. പിന്നീട് ഏറെ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അവസാനം സ്ഥലമുടമകള്‍ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ച് നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകള്‍ ഫെബ്രുവരി ആദ്യവാരം സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.