പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു പി.എം കെയര്‍ ഫണ്ടിന്‍ ഉള്‍പ്പെടുത്തി മിനിട്ടില്‍ 1000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് ആണ് സ്ഥാപിച്ചത്. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നടത്തിയ മാന്‍ കി ബാത്തിലൂടെയാണ് രാജ്യത്ത് 551 പി.എസ്.എ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ആശുപത്രി കോംബൗണ്ടില്‍ കാത്ത് ലാബ് ബ്ലോക്കിന് പിന്നിലായാണ് പ്ലാന്റ് . എല്‍ & ടി കമ്പിനിക്കാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ചുമതല. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉള്‍പ്പെടെയുടെ സൗകര്യങ്ങള്‍ നിര്‍മ്മിച്ച് നല്‍കി. വായുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍ 95% വരെ ശുദ്ധിയില്‍ ഈ പ്ലാന്റില്‍ നിന്നും ലഭ്യമാകും. 60-ല്‍ പരം വെന്റിലേറററുകള്‍ക്കും 190-ല്‍ പരം ബെഡ് ഓക്സിജന്‍ പോയിന്റ്കള്‍ക്കും 30-ല്‍ പരം ഹൈ ഫ്ലോ ഓക്സിജന്‍ യൂണിറ്റുകള്‍ക്കും ഒരേ സമയം യഥേഷ്ടം ഓക്സിജന്‍ ലഭ്യമാകും.
കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ)ന്റെ ലൈഫ് സയന്‍സ് വിഭാഗമായ ബയോ എന്‍ജിനീയറിംഗ് ആന്റ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറിയുടെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഡിസൈന്‍ പ്രകാരമുള്ളതാണ് പി.എസ്.എ (പ്രഷര്‍ സ്വിങ് അഡ്സോര്‍ഷന്‍ ) അടിസ്ഥാനമാക്കിയുള്ള ഈ മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ ജനറേറ്റിംഗ് യൂണിറ്റ്.
കോവിഡ് രോഗബാധിതരില്‍ ഭൂരിഭാഗം രോഗികള്‍ക്കും കടുത്ത ശ്വാസതടസ്സം ഉണ്ടാകുന്നതിനാല്‍ തടസ്സമില്ലാതെ ഓക്സിജന്‍ നല്‍കേണ്ടതുണ്ട്. നിലവില്‍ സിലിണ്ടറുകള്‍ ഫില്ലിംഗ് സ്റ്റേഷനുകളില്‍ എത്തിച്ച് നിറച്ചാണ് ആശുപത്രിയില്‍ ഇപ്പോള്‍ ഓക്സിജന്‍ എത്തിക്കുന്നത്. വിദൂര പ്ലാന്റുകളില്‍ നിന്നും യഥാസമയം സിലിണ്ടറുകള്‍ നിറച്ച് എത്തിയ്ക്കുന്നതില്‍ ഉണ്ടായ കാലതാമസവും വര്‍ദ്ധിത ആവശ്യവും ലഭ്യത കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരുന്നത്.
ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാത്തതിനാല്‍ പല രോഗികളെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവാതെ അധികൃതര്‍ക്ക് മടക്കി അയ്ക്കേണ്ടിയും വന്നിരുന്നു. ഇങ്ങനെയുണ്ടായിരുന്ന എല്ലാ തടസ്സങ്ങള്‍ക്കും ശ്വാശ്വത പരിഹാരവും കൂടുതല്‍ പേര്‍ക്ക് ഇവിടെ തന്നെ ചികിത്സയും അതും പൂര്‍ണ്ണമായും സൗജന്യമായും ലഭിക്കുന്നതിന് പുതിയ പ്ലാന്റ് വരുന്നതോടെ സാദ്ധ്യമാകും.
ഇതോടൊപ്പം വലിയ സാമ്പത്തിക നേട്ടവും അശുപത്രിക്ക് ഉണ്ടാവും. ഇവിടെ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ പൈപ് ലൈന്‍ ശൃംഖല നേരത്തെ സ്ഥാപിച്ചിരുന്നു. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും വാര്‍ഡുകളിലേയ്ക്കും ഓക്സിജന്‍ യഥേഷ്ടം ലഭ്യമാവുകയും ചെയ്യും, വൈദ്യുതീകരണ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഏതാനും ആഴ്ചകള്‍ക്കകം പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും.