കോട്ടയം : തെരഞ്ഞെടുപ്പിന് അഞ്ചു നാൾ ബാക്കിനിൽക്കെ പാലായിൽ കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിൽ അംഗങ്ങൾ പരസ്യമായി തമ്മിലടിച്ചതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അമർഷം. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ സിപിഎം സ്റ്റേറ്റ് സെന്റർ അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിനും എൽഡിഎഫ് ജില്ലാ നേതൃത്വത്തിനും നിർദേശം നൽകി.
പാലാ നഗരസഭാ കൗൺസിലിലെ തമ്മിലടി ഒരു മണിക്ക് കഴിഞ്ഞെങ്കിൽ മൂന്നു മണിക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ എൽഡിഎഫ് യോഗം പാലായിൽ ചേർന്ന് രണ്ട് അംഗങ്ങളെയും താക്കീതു ചെയ്തു. സിപിഎം, കേരള കോൺഗ്രസ് അംഗങ്ങൾ വാർത്താ സമ്മേളനം വിളിച്ച് തമ്മിലടിയെ പരസ്യമായി തള്ളിപ്പറഞ്ഞു. 2 അംഗങ്ങളെയും ഇരുവശത്ത് ഇരുത്തിയായിരുന്നു വാർത്താ സമ്മേളനം.
തമ്മിലടി പാലായിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ മൗനം പാലിക്കാനും അതു കഴിഞ്ഞാൽ സംഭവത്തെപ്പറ്റി അന്വേഷണം നടത്താനും ജില്ലാ നേതൃത്വത്തിനു സംസ്ഥാന നേതൃത്വം നിർദേശം നൽകി. തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ് സംസ്ഥാന നേതൃയോഗം പ്രശ്നം ചർച്ച ചെയ്തേക്കും. കേരള കോൺഗ്രസ് (എം) അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലും സിപിഎം കക്ഷി നേതാവുമായ ബിനു പുളിക്കക്കണ്ടവുമാണ് ഏറ്റുമുട്ടിയത്. ഇരുവരും പരസ്പരം അടിച്ചു. ബൈജുവിന്റെ ആർത്തലച്ച കരച്ചിൽ മാധ്യമങ്ങളിലൂടെ തത്സമയം ലോകം മുഴുവനും കണ്ടു.
കേരള കോൺഗ്രസിന്റെ (എം) തട്ടകമായ പാലായിൽ ജോസ് കെ. മാണിയും മാണി സി. കാപ്പനും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്നതിനിടെയാണ് ഈ സംഭവം. കേരള കോൺഗ്രസ് (എം) – സിപിഎം മുന്നണി സമവാക്യത്തിന്റെ പ്രധാന പരീക്ഷണശാല കൂടിയാണ് പാലാ. കാലങ്ങളോളം പരസ്പരം പോരടിച്ചു നിന്ന സിപിഎം–കേരള കോൺഗ്രസ് പ്രവർത്തകരുടെ ഒരു മുന്നണിയിലെ പ്രവർത്തനം രാഷ്ട്രീയ കേന്ദ്രങ്ങൾ കൗതുകപൂർവം നിരീക്ഷിക്കുന്ന സമയവുമാണ്. ഇരുപാർട്ടികളുടെയും പാലായിലെ മുൻനിര നേതാക്കളാണ് തമ്മിലടിച്ചവർ എന്നതാണ് പാർട്ടികളുടെ തലവേദന. നഗരസഭയിൽ അടുത്ത ഊഴം സിപിഎമ്മിന് ലഭിക്കുമ്പോൾ ബിനു പുളിക്കക്കണ്ടം ചെയർമാനാകുമെന്ന് ധാരണ ഉണ്ടായിരുന്നു.
പാലായിലെ തമ്മിലടിയും പിണക്കവും പരിഹരിച്ചെന്നു പറയുന്നുണ്ടെങ്കിലും രണ്ടു പാര്‍ട്ടിയിലും പ്രശ്നം നീറുകയാണ്. ഇത് ജോസ്.കെ.മാണിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും. യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജോസ് കെ.മാണിയും കൂട്ടരും ഇടതുമുന്നണിയില്‍ നിന്നും മാറേണ്ട സാഹചര്യവും ഉണ്ടാകാം.