കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവായ അധ്യാപകന്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു കൂടി ലൈംഗിക ചൂഷണത്തിനായി കൈമാറിയതായി കുട്ടിയുടെ മൊഴി. പെണ്‍കുട്ടി ഇതു സംബന്ധിച്ച് മൊഴി നല്‍കിയിട്ടും പോലീസ് രണ്ടാമത്തെയാളെ പിടികൂടാന്‍ ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം എടുത്തു പറയുന്നുമുണ്ട്. ഇതേ തുടര്‍ന്നാണ് തലശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രതിയായ ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പോലീസ് പലകുറി കുട്ടിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാള്‍ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. പത്മരാജന്‍ മിഠായിയും ഭക്ഷണവും വാങ്ങി നല്‍കിയെന്നും സ്‌കൂട്ടറില്‍ കയറ്റി പൊയിലൂരിലെ വീട്ടില്‍ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി.
അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാല്‍ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാല്‍ അതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയില്ല. ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈം ബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യല്‍ വൈകിപ്പിച്ച പോലീസ് തുടരന്വേഷണത്തിലും അനാസ്ഥ കാണിക്കുകയാണെന്നും മാതാവ് പരാതിയില്‍ പറയുന്നു.