തിരുവനന്തപുരം: രാജ്യത്ത് മുസ്‍ലിം വിരുദ്ധ അജണ്ടകൾ നടക്കുന്നുവെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഒരു സമുദായത്തെ മാത്രം മാറ്റിനിർത്തി സി.എ.എ കൊണ്ടുവരുന്നു. ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മതേതര സർക്കാർ രാജ്യത്ത് വരണം. അതിന് സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ മതേതരത്വത്തിന് ഘടകവിരുദ്ധമാണ്. ഏകശിലാത്മകമായ സമൂഹം കെട്ടിപ്പടുക്കാൻ ശ്രമം നടക്കുന്നതായും മൗലവി പറഞ്ഞു. വിവിധ രൂപതകള്‍ വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെയും ഈദ് ദിന സന്ദേശത്തില്‍ പരോക്ഷ പരാമര്‍ശമുണ്ടായി. സാഹോദര്യവും സൗഹൃദവുമാണ് നമ്മുടെ നാടിന്റെ മൂലധനം. അതിനെ നാം സംരക്ഷിച്ചേ പറ്റൂ.
പരസ്പര സ്നേഹത്തോടു കൂടി ജീവിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തും രാജ്യത്തുമെല്ലാം അതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാകുന്ന കേരള സ്റ്റോറി. ഒരുവട്ടം ഇത് ചര്‍ച്ച ചെയ്തതാണ്. വീണ്ടും ആ ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുകയാണ്. പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്തരം സിനിമകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ലൗ ജിഹാദില്ലെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. അതിനാല്‍ ഇത്തരം കുപ്രചരണങ്ങളില്‍ വഞ്ചിതരാകാതെ മുന്നോട്ടുപോകാന്‍ നമുക്ക് സാധ്യമാകേണ്ടതുണ്ട്. ഇത്തരം സിനിമകള്‍ പ്രചരിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ നാം കള്ളം പ്രചരിപ്പിക്കുന്നയാളുകളുടെ കയ്യിലെ ഉപകരണമാകരുത്. നമുക്കിടയില്‍ വിദ്വേഷം പരത്തുന്ന ഒരാവിഷ്കാരവും കലയല്ല. അകറ്റുന്നതാകരുത് കല. പരസ്പരം അടുപ്പിക്കുന്നതും പരസ്പരം സൗഹൃദത്തോടു കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുമാകണം കല എന്നും അദ്ദേഹം പറഞ്ഞു.