വടശ്ശേരിക്കര : വടശേരിക്കര പള്ളിക്ക മുരുപ്പിന് സമീപം പശുവിനെയും കിടാവിനേയും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍. കെട്ടിയിട്ടിരിക്കുന്ന പശുവും കിടാവും തീറ്റയും വെള്ളവുമില്ലാതെ അവശ നിലയിലാണ്. പാല്‍ കുറവായതിന് ഉടമ ഉപേക്ഷിച്ചതാണ്.
ഒരു മാസം മുമ്പ് പള്ളിക്കമുരുപ്പ് സ്വദേശിയായ വാസുക്കുട്ടി പുതുശേരിമല സ്വദേശി രാജന് തന്റെ കടിഞ്ഞൂല്‍ പ്രസവിച്ച പശുവിനെയും കിടാവിനെയും വിറ്റതാണ്. എന്നാല്‍ ഉടമ പറഞ്ഞത്ര പാല്‍ ലഭിക്കുന്നില്ല എന്നതിനാല്‍ പശുവിനെ രാജന്‍ തിരികെ പള്ളിക്കമുരുപ്പില്‍ എത്തിച്ചെങ്കിലും ഉടമ പശുവിനെ തിരികെ വാങ്ങാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ പശുവിനേയും കിടാവിനേയും ആളൊഴിഞ്ഞ സ്ഥലത്ത് കെട്ടിയിട്ട ശേഷം പോവുകയായിരുന്നു.
പശുവിനെ നല്‍കി കബളിപ്പിച്ചു എന്ന് കാട്ടി രാജന്‍ റാന്നി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പശുവിനെ വാങ്ങിയ ആള്‍ ഉപേക്ഷിച്ച് പോയതോടെ വെള്ളമോ തീറ്റയോ ഇല്ലാതെ മഴ നനഞ്ഞ് അവശ നിലയിലും പശുവിന്റെ ശരീരം പൊട്ടി പുഴുവരിച്ച നിലയിലുമാണ്. ഉടമകള്‍ പരസ്പരം പഴിചാരി പശുവിന്റെ സംരക്ഷണം ഏറ്റെടുക്കാതായതോടെ രണ്ട് മിണ്ടാപ്രാണികള്‍ യാത്രക്കാരുടെ ദയനീയ കാഴ്ച്ചയായി മാറുകയാണ്. ഉടമകളുടെ തര്‍ക്കം തീര്‍ത്ത് ഇവയുടെ ജീവന്‍ രക്ഷിക്കുവാന്‍ പോലിസ് ഉടന്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.