പത്തനംതിട്ട : ഓഫീസ് സമുച്ചയങ്ങളിലെ മാലിന്യത്തില്‍ നിന്നും ഉല്ലാദിപ്പിച്ച ജൈവവളം വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭയിലെ ഹരിത കർമ്മ സേന. പാം ബയോ ഗ്രീന്‍ മാന്വര്‍ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വളം ഒരു കിലോ പാക്കറ്റിന് 30 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. കളക്ട്രറ്റ്, മിനി സിവില്‍ സ്റ്റേഷൻ, എസ് പി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യമാണ് ഇപ്പോൾ വളമായി എത്തിയിരിക്കുന്നത്. മൂന്നിടങ്ങളിലും നഗരസഭ പോര്‍ട്ടബിള്‍ ബയോ ബിന്‍ സ്ഥാപിച്ചു. ഓഫീസുകളിലെ ജൈവമാലിന്യങ്ങൾ ജീവനക്കാർ തന്നെ ബക്കറ്റുകളിൽ നിക്ഷേപിക്കും. ഹരിത കർമ്മ സേനാംഗങ്ങൾ എത്തി ഇവ എല്ലാ ദിവസവും പ്രത്യേകം സൂക്ഷിച്ചിട്ടുള്ള പോര്‍ട്ടബിള്‍ ബയോ ബിന്നില്‍ നിക്ഷേപിച്ച ശേഷം അതിനു മുകളിലായി പ്രത്യേകം തയ്യാറാക്കിയ ഇനോക്കുലം വിരിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യത്തിൽ നിന്നാണ് ഹരിത കർമ്മ സേന ജൈവവളം തയ്യാറാക്കിയിരിക്കുന്നത്.
ജൈവവളത്തിന്റെ ആദ്യ പായ്ക്കറ്റ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്‌ണൻ ഐ എ എസിന് കൈമാറി. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, എല്‍ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, നഗരസഭാ സെക്രട്ടറി സുധീര്‍ രാജ്, അഡീഷണല്‍ എസ് പി ആര്‍ ബിനു, ക്ലീന്‍ സിറ്റി മാനേജര്‍ വിനോദ് എം പി, കെ എസ് ഡബ്ല്യു എം പി കമ്മ്യൂണിക്കേഷന്‍ എക്സ്പെര്‍ട്ട് ശ്രീവിദ്യ ബാലന്‍, പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഗ്രീന്‍ വില്ലേജ് സീനിയര്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ പ്രസാദ് കെ എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജൈവ മാലിന്യ സംസ്കരണത്തിലെ മികച്ച മാതൃകയാണ് നഗരസഭ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓഫീസ് മേധാവികൾക്കൊപ്പം ജീവനക്കാരും ഒപ്പം നിന്നതാണ് പദ്ധതിയെ വിജയത്തിൽ എത്തിച്ചിരിക്കുന്നത്. ആവശ്യക്കാർക്ക് ഗുണമേന്മയുള്ള ജൈവവളം എത്തിക്കാനും ഹരിത കർമ്മ സേനയ്ക്ക് അധിക വരുമാനം ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. ആവശ്യക്കാര്‍ക്ക് ജൈവ വളം വീടുകളില്‍ എത്തിച്ചു നല്‍കുവാനും ഹരിത കര്‍മ്മ സേന തയ്യാറാണ്. ഇതിനായി 9188004053 എന്ന ഹെല്പ് ലൈൻ നമ്പറില്‍ വാട്സാപ്പില്‍ ബന്ധപ്പെടാവുന്നതാണ്.