കോഴഞ്ചേരി : മദ്ധ്യതിരുവിതാംകൂറിന്റെ ജീവനാഡിയായ പമ്പാനദിയെ ശുചീകരിക്കുവാനും പരിരക്ഷിക്കുവാനുമായി നിർദ്ദേശിക്കപ്പെട്ട പമ്പാ ആക്ഷൻ പ്ലാൻ നടപ്പാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് പമ്പാ പരിരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു.
ദേശീയ നദിസംരക്ഷണ പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി ലഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടം പോലും പൂർണ്ണമായി നടപ്പാക്കുവാൻ കഴിഞ്ഞിരുന്നില്ല. പദ്ധതി നിർവഹണത്തിനായി അടങ്കൽ തുകയുടെ എഴുപത് ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുമെന്നതിനാൽ ദേശീയ നദി സംരക്ഷണ അതോറിട്ടിയുടെ നിബന്ധനകൾക്കനുസൃതമായ രൂപരേഖ നൽകി നടപ്പാക്കണം.
സമിതി ജനറൽ സെക്രട്ടറിയായിരുന്ന എൻ.കെ.സുകുമാരൻനായരുടെ നിര്യാണം മൂലം സെക്രട്ടറിയായിരുന്ന പി. പ്രസന്നകുമാറിനെ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തു. എൻ.കെ.സുകുമാരൻ നായർ സ്മാരക പരിസ്ഥിതി വിദ്യാഭ്യാസ മത്സരങ്ങൾ ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തുവാനും തീരുമാനിച്ചു.
പൂവത്തൂർ പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിൽ നടന്ന യോഗത്തിൽസമിതി പ്രസിഡന്റ് വിനയചന്ദ്രൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ജോസ് പാറക്കടവിൽ, പ്രൊഫ.എം.വി.എസ്.
നമ്പൂതിരി, ഡോ.വർഗീസ് ജോർജ്, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, മാത്യൂസ് കൂടാരത്തിൽ, അലക്സാണ്ടർ.കെ.തോമസ്, ദിലീപ് വയക്കര എന്നിവർ പ്രസംഗിച്ചു.