റാന്നി : കാടുകയറിക്കിടക്കുന്ന സ്ഥലം പാണൽകൃഷിക്കായി വിട്ടുനൽകണമെന്ന റാന്നി ഗ്രാമപ്പഞ്ചായത്തിന്റെ ആവശ്യം തള്ളി പമ്പാ ജലസേചന പദ്ധതി(പി.ഐ.പി.) അധികൃതർ. നവകേരള സദസ്സിലാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിന് നൽകിയ മറുപടിയിലാണ് സ്ഥലം വിട്ടുനൽകാൻ സാധ്യമല്ലെന്ന് അറിയിച്ചിട്ടുള്ളത്. നിലവിലെ വാട്ടർ ആക്ട് പ്രകാരം പാണൽ കൃഷിക്ക് സ്ഥലം വിട്ടുനൽകാൻ സാധിക്കില്ലെന്ന് പി.ഐ.പി. എക്‌സിക്യുട്ടീവ് എൻജിനീയറുടെ മറുപടിയിൽ വ്യക്തമാക്കുന്നു.
റാന്നി പഞ്ചായത്തിലെ ഉതിമൂട്ടിൽ പി.ഐ.പി. കനാലിനോട് ചേർന്ന സ്ഥലമാണ് പാണൽ കൃഷിക്കായി വിട്ടുനൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം. ആറ് ഹെക്ടർ സ്ഥലത്തോളം ഇവിടെയുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിൽ ലക്ഷക്കണക്കിന് രൂപയുടെ പാണലിലയാണ് വിറ്റഴിയുന്നത്. പാണലില വിറ്റ് പഞ്ചായത്തിന് വരുമാനമുണ്ടാക്കാമെന്ന വ്യത്യസ്ത ഒരു ആശയമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. കാടുകയറി കാട്ടുപന്നികളുടെ താവളമായ സ്ഥലത്തെ കാട് ഇല്ലാതാക്കാനും കഴിയുമായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് പറഞ്ഞു. കാട് വെട്ടിത്തെളിക്കണമെന്ന് സമീപവാസികൾ നിരന്തരം ആവശ്യപ്പെടാറുണ്ട്. സ്ഥലം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ആവശ്യം നിരസിച്ചതിനെ തുടർന്ന് വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽ ഈ ആവശ്യം പെടുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ചൊവ്വാഴ്ച ഇതിനോട് ചേർന്ന് റോഡിന് മറുഭാഗത്തെ സ്ഥലത്തിന് തീ പിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തവും സമീപവാസികൾക്ക് ഭീഷണിയാണ്.