ശബരിമല : ത്രിവേണിയിൽ പമ്പാ സ്നാനത്തിന് എത്തുന്ന തീർഥാടകർ അപകടത്തിൽപെടുന്ന കയങ്ങൾ നികത്തുന്നു. ത്രിവേണി ചെറിയ പാലത്തിനു സമീപം തീർഥാടകരുടെ ജീവൻ കൂടുതൽ അപഹരിച്ച വലിയ കയം നികത്തി കോൺക്രീറ്റ് ചെയ്തു. ത്രിവേണി ചെറിയ പാലത്തിൽ വെള്ളം തട്ടിയ ശേഷമുള്ള കുത്തൊഴുക്കിലാണു വലിയ കയം രൂപപ്പെട്ടത്. പമ്പാ സ്നാനത്തിന് ഇറങ്ങുന്ന തീർഥാടകർ കയത്തിൽ അകപ്പെടാതിരിക്കാൻ വേലികെട്ടിത്തിരിക്കുകയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, മുങ്ങൽ വിദഗ്ധർ എന്നിവരെ നിയോഗിക്കുകയുമായിരുന്നു പതിവ്.
നിരന്തരമായി അപകടം ഉണ്ടായതിനെ തുടർന്ന് ജലസേചന വകുപ്പ് കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, റാന്നി അസി.എൻജിനീയർ ഫെലിക്സ് ഐസക് പനച്ചിയ്ക്കൽ, ഓവർസീയർ എം.എസ്.ദിനു എന്നിവർ പലതവണ സ്ഥലം സന്ദർശിച്ചു പഠനം നടത്തിയാണ് കയം നികത്താൻ പദ്ധതി തയാറാക്കിയത്. ഉരുളൻ കല്ലുകൾ ഇട്ട് കയം നികത്തിയ ശേഷം കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കി. ഇതിനു പുറമേ ത്രിവേണിയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന മറ്റു കയങ്ങൾ നികത്തുന്ന ജോലിയും ജലസേചന വകുപ്പ് തുടങ്ങിയിട്ടുണ്ട്. നദിയിലെ കല്ലുകൾ മണ്ണുമാന്തി ഉപയോഗിച്ചു കയത്തിൽ നിക്ഷേപിച്ചാണു നികത്തുന്നത്. ഇതിന്റെ പണികളും പുരോഗമിക്കുന്നു.