കോയിപ്രം : ആറാട്ടുപുഴ പാലത്തിന് സമീപം പമ്പാതീരം ഇടിയുന്നു. 2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിനോടുചേർന്ന് ആറ്റുതീരം ഇടിഞ്ഞിരുന്നു. 200 മീറ്റർ നീളത്തിൽ ഉണ്ടായിരുന്ന സംരക്ഷണഭിത്തി പൂർണമായും തകർന്നു. പിന്നീടുണ്ടായ ചെറുതും വലുതുമായ വെള്ളപ്പൊക്കത്തിലും മണ്ണ് ഒഴുകിപ്പോയതായി പ്രദേശവാസികൾ പറയുന്നു. പാലത്തിന് വടക്കുവശത്ത് കരയിലുള്ള അടിത്തറയോടുചേർന്നും സംരക്ഷണഭിത്തിയില്ല. ഇവിടെനിന്ന് വൻതോതിൽ മണ്ണ് ഒഴുകിപ്പോയിട്ടുണ്ട്. നദീതീരത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം അനിലാകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ 2022-ൽ ജില്ലാ കളക്ടർക്ക് നിവേദനം കൊടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
നദിയുടെ തീരത്ത് മുളങ്കൂട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ അവയെല്ലാം നിലംപതിച്ചു. ഇപ്പോൾ ചെറിയൊരു മഴപെയ്താൽപോലും ആറ്റുതീരത്തെ മണ്ണിടിഞ്ഞ് നദിയിൽ പതിക്കുന്നതായി സമീപവാസികൾ പറയുന്നു. പാലത്തിനോടുചേർന്ന് ഉണ്ടായിരുന്ന കുളിക്കടവുകളും അപ്രത്യക്ഷമായി. കുളിക്കടവുകളിലുണ്ടായിരുന്ന കൽപ്പടവുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പാലത്തിന് സമീപമുള്ള മണ്ണ് തുടർച്ചയായി ഇടിയുന്നത് പാലത്തിനും സംരക്ഷണഭിത്തിക്കും ബലക്ഷയം ഉണ്ടാക്കുന്നു. വലിയ ഭാരവണ്ടികൾ പാലത്തിൽകൂടി കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. 1965 ഒക്ടോബർ 26-നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നാരായണസ്വാമി പാലം ഉദ്ഘാടനം ചെയ്തത്. ഭാരവണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ സംരക്ഷണം ഉറപ്പാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.