കുളനട : ഉള്ളന്നൂർ ഭാഗത്തെ അനധികൃത മണ്ണെടുപ്പിനെതിരെ പഞ്ചായത്തംഗം സെക്രട്ടറിയുടെ ഓഫീസിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചു. ബി.ജെ.പി. അംഗം വി.ആർ.വിനോദ് കുമാറാണ് രാവിലെ 10 മുതൽ ഉച്ചവരെ ഓഫീസിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചത്. കുളനട ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വാർഡ് മെമ്പറുടെയോ കുളനട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയോ അറിവോ ബോധ്യമോ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറി മണ്ണെടുപ്പിന് അനുമതി കൊടുത്തുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അനുമതി കൊടുത്ത സ്ഥലത്തുനിന്നുമല്ല മണ്ണെടുത്തതെന്നും പഞ്ചായത്തംഗം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കുളനട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി.മണിക്കുട്ടന്റെ നേതൃത്വത്തിൽ മണ്ണുമായി വന്ന ലോറി തടഞ്ഞ് ആർ.ടി.ഒ.യ്ക്ക് പരാതി നൽകി. പ്രാദേശിക സി.പി.എം. നേതാക്കൾക്കുവേണ്ടിയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ നിർദേശിച്ചപ്രകാരം സ്ഥലം അസിസ്റ്റന്റ് എൻജിനീയർ പരിശോധന നടത്തി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാർ, ബിജു പരമേശ്വരൻ, ഐശ്വര്യ ജയചന്ദ്രൻ, സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ശോഭ മധു തുടങ്ങിയവർ നേതൃത്വം നൽകി.