പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 10,06249 പേര്‍. ഇതില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത 28100 പേര്‍ ഉള്‍പ്പെടുന്നു. 18304 പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ഇനി രണ്ടു തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കും.
ഗ്രാമപഞ്ചായത്തുകളില്‍ ആകെ 872686 വോട്ടര്‍മാരാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത 24026 പേരുണ്ട്. 14903 പേരെ ഒഴിവാക്കി. നഗരസഭകളില്‍ ആകെ 133563 വോട്ടര്‍മാരുണ്ട്. നഗരസഭകളില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് 4074 പേരാണ്. 3401 പേരെ ഒഴിവാക്കി. ജില്ലയില്‍ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 996453 ഉം 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1025172 ഉം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1021144 ഉം ആകെ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഏഴംകുളത്താണ്, 28138 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലാണ്, 6102 പേര്‍. നഗരസഭകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരുവല്ലയിലാണ്, 44436 പേര്‍. കുറവ് വോട്ടര്‍മാരുള്ള നഗരസഭ അടൂരാണ്, 25899 പേര്‍. ഇവിടെ ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരു വോട്ടറുമുണ്ട്.