പന്തളം : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തേക്ക് നഗരസഭാ ബസ് സ്റ്റാൻഡ് മാറ്റുന്നതിനുള്ള പണി പൂർത്തിയായില്ല. പുതുവർഷ സമ്മാനമായി പന്തളം നിവാസികൾക്ക് 2024 ജനുവരി ഒന്നിന് നഗരസഭാ ബസ് സ്റ്റാൻഡ് നൽകുമെന്നായിരുന്നു നഗരസഭാ അധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ സ്റ്റാൻഡ് മാറ്റത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. ശൗചാലയവും കാത്തിരിപ്പുകേന്ദ്രവും പണി പൂർത്തിയായപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ആദ്യം പണിക്ക് കാലതാമസം നേരിട്ടു. പിന്നീട് ഓണത്തിനോടനുബന്ധിച്ച് ഇവിടം കാർണിവൽ നടത്താനായി വാടകയ്ക്കും നൽകിയിരുന്നു. പന്തളം-മാവേലിക്കര റോഡിലെ വെള്ളം മുട്ടാർ നീർച്ചാലിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള ഓടയും ബസ് കയറുന്നതിനുള്ള ഒരു കലുങ്കുമാണ് ആദ്യം പണിതത്. രണ്ടാമത്തെ കലുങ്കിന്റെയും ബാക്കിഭാഗത്തുള്ള ഓടയുടെയും പണി ഇപ്പോൾ നടന്നുവരുന്നതേയുള്ളൂ.
പന്തളം-മാവേലിക്കര റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യത്തിനുമായി കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും പുതിയതായി തുടങ്ങുന്ന നഗരസഭാ ബസ് സ്റ്റാൻഡിലൂടെ ബ്ലോക്ക് ഒാഫീസിന് സമീപം എത്തി പന്തളം കവലയിലേക്ക് പോകുവാനുള്ള പാതയൊരുക്കുകയാണ് ലക്ഷ്യമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു പറഞ്ഞു.സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ചന്തയായിരുന്ന കാലയളവിൽ ഉണ്ടായിരുന്ന മത്സ്യസ്റ്റാളുകളിൽ 12 മുറികൾ കാത്തിരിപ്പുകേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇവിടെയുള്ള നാലുമുറികൾ കടമുറികളാക്കും, ഇതിന്റെ എതിർഭാഗത്തുള്ള പഴയ കെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികളാക്കും ഇവിടെ ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗമായിരുന്ന ശൗചാലയം അതിർത്തി നിർണയിച്ചപ്പോൾ നഗരസഭയുടെ സ്ഥലത്തായിരുന്നു. ഇത് വൃത്തിയാക്കി. പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയമാക്കിമാറ്റി. കരാറും നൽകി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിനോട് ചേർന്നാണ് കയറാനും ഇറങ്ങാനുമുള്ള വഴി. കയറുന്ന ബസുകൾ പേരാലിന്റെ പടിഞ്ഞാറുവശത്തുകൂടി കാത്തിരിപ്പ് കേന്ദ്രത്തിന്റെ വടക്കുവശത്ത് നിർത്തി ആളെ ഇറക്കും. പഴയ സ്റ്റാളുകൾ പൊളിച്ച ഭാഗത്താണ് പാർക്കിംഗ് സ്ഥലം. കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചിരുന്ന 3.53 ഏക്കറിൽനിന്നു നഗരസഭ തിരികെയെടുത്ത 12 ഏക്കറും ചന്തയുടെ പടിഞ്ഞാറ് ഭാഗത്തെ 20 സെന്റും സ്റ്റാൻഡിനും മറ്റ് പുതിയ പദ്ധതികൾക്കുമായി വിനിയോഗിക്കും. സ്റ്റാൻഡ് മാറുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ തോതിൽ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾ സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗത്ത് നഗരസഭാ ഓഫീസ് കോംപ്ലക്‌സ് പണിയാനാണ് തീരുമാനം. മണ്ണുപരിശോധന പൂർത്തിയായിട്ടുണ്ട്.