പന്തളം : പന്തളം നഗരസഭ ചെയർപേഴ്സൻറെ ഏകാധിപത്യ ഭരണത്തിനെതിരെ നഗരസഭയിലെ മുപ്പതാം ഡിവിഷൻ കൗൺസിലർ രത്നമണി സുരേന്ദ്രന്റെ വ്യത്യസ്ത പ്രതിഷേധ സമരം. നഗരസഭ ഭരണസമിതിയിലെ ചെയർപേഴ്സൻറെ സ്വന്തക്കാർക്ക് മാത്രമായി വികസന പ്രവർത്തനങ്ങളും തൊഴിലുറപ്പ് ജീവനക്കാരെയും ജലനിധി തുടങ്ങിയ പദ്ധതികളും എല്ലാം വീതിച്ചു നൽകുകയും പ്രതിപക്ഷ അംഗങ്ങൾക്കോ ഭരണകക്ഷിയിലെ തൻറെ എതിർ ഗ്രൂപ്പിനോ യാതൊരു വികസന പ്രവർത്തനങ്ങളും നടത്തുവാൻ അനുവദിക്കാത്ത ഒരു പ്രവണതയാണ് പന്തളം നഗരസഭയിൽ നടന്നുക്കൊണ്ടിരിക്കുന്നത്. മുപ്പതാം ഡിവിഷനിൽപ്പെട്ട നഗരസഭ റോഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കാട് മൂടിയ അവസ്ഥയിലാണ്. കാൽനടയാത്രക്കാർക്കും പരിസരത്തുള്ള വീടുകൾക്കും ഭീഷണിയാവുന്ന ഇഴജന്തുക്കൾ, കാട്ടുപന്നി ഉൾപ്പെടെ നഗരസഭ റോഡുകളിൽ സ്വൈര്യവിഹാരം നടത്തുകയാണ്.
തെരുവുവിളക്കുകൾ ഓണക്കാലത്തിനു മുൻപേ തെളിയിക്കാം എന്ന് വാർഡിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ട്യൂബ് ലൈറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും അത് സ്ഥാപിക്കുന്നതിന് വേണ്ടി ജീവനക്കാർക്ക് സ്വന്തം ചെലവിൽ കൂലി നൽകിയും ആണ് തെരുവ് വിളക്കുകൾ തെളിയിച്ചത്. തൊഴിലുറപ്പ് ജീവനക്കാരെ കൊണ്ട് റോഡ് സൈഡിലുള്ള കാടുകൾ വെട്ടിത്തെളിക്കുന്നതിന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഭരണസമിതി തൊഴിലാളികളെ നിയോഗിക്കാഞ്ഞതിൽ പ്രതിഷേധിച്ച് ആണ് ഉത്രാട ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷത്തിൽ കാടുവെട്ടി തെളിക്കാൻ കൗൺസിലർ സ്വമേധയാ ഇറങ്ങിയിരിക്കുന്നത്. കൂടാതെ സ്വന്തം ചെലവിൽ കാടുവെട്ടിത്തെളിക്കുന്ന മിഷ്യനും അതിനുള്ള തൊഴിലാളികളെയും ഉപയോഗിച്ചുകൊണ്ട് തന്റെ വാഗ്ദാനം നിർവഹിക്കുകയും ചെയ്യുകയായിരുന്നു. കൗൺസിലറുടെ വ്യത്യസ്ത പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എസ് ഷെരീഫ് , ജനറൽ സെക്രട്ടറി ഇ എസ് നുജുമുദീൻ , മുൻപഞ്ചായത്ത് അംഗവും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കെ എസ് നീലകണ്ഠൻ , കെ എൻ സുരേന്ദ്രൻ തുടങ്ങിയവരും പ്രതിഷേധ സമരത്തിൽ പങ്കുചേർന്നു.