കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലന്‍ ഷുഹൈബും താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകളില്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നുമാണ് ഇരുവരും ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.
2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആദ്യഘട്ടത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിയുകയായിരുന്നു. ഇരുവരും മാവോവാദികളാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു.
കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍, പിടികിട്ടാപ്പുള്ളി സിപി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ ഏപ്രില്‍ 27നാണ് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അലൻ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാൻ മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. പ്രതികള്‍ക്കെതിരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 1ന് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.
മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പെന്‍ഡ്രൈവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.