ഡല്‍ഹി: പഞ്ചാബില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച കര്‍ഷക രോഷം ബിജെപിയെ സംസ്ഥാനത്തു നിന്ന് തൂത്തെറിഞ്ഞു. മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും കൗണ്‍സിലിലേക്കുമായി 2168 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപിക്ക് നേടാനായത് 49 എണ്ണം മാത്രം.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് നാലു പതിറ്റാണ്ടു നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദളിനും തിരിച്ചടി നേരിട്ടു. 285 വാര്‍ഡുകളില്‍ മാത്രമാണ് അകാലിദളിന് ജയിക്കാനായത്.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ്മയുടെ ജന്മദേശമായ പത്താന്‍കോട്ടില്‍ അമ്പത് സീറ്റില്‍ 12 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ഭതിന്‍ഡ, കപൂര്‍ത്തല, മോഗ, അഭോര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ബിജെപി അക്കൗണ്ട് തുറന്നില്ല. ഗുരുദാസ്പൂര്‍, ഫിറോസ്പൂര്‍, ദസുയ മുനിസിപ്പല്‍ കൗണ്‍സിലുകളിലും ബിജെപിക്ക് പ്രതിനിധികളില്ല.
മത്സരരംഗത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാനത്ത് കര്‍ഷക രോഷം പ്രതിഫലിച്ചിരുന്നു. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചോദിക്കാന്‍ പോലുമായിരുന്നില്ല. ചിലയിടങ്ങളില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു.
എട്ട് കോര്‍പറേഷനുകളില്‍ ഏഴെണ്ണത്തിലാണ് ഇന്നലെ ജനവിധി വന്നത്. ഇതില്‍ ആറിടത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തി. മൊഹാലി കോര്‍പറേഷനിലെ വോട്ടെണ്ണല്‍ ഇന്നാണ് നടക്കുന്നത്. ഇവിടെയും തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്ഥമാകാനിടയില്ല.
മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വം തന്നെയാണ് കോണ്‍ഗ്രസിന് തുണയായത്. കര്‍ഷക സമരത്തില്‍ അദ്ദേഹം ആദ്യം മുതല്‍ സ്വീകരിച്ച നിലപാട് കര്‍ഷകര്‍ വിശ്വാസത്തിലെടുത്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ കാര്‍ഷിക നിയമത്തിനെതിരെ നടത്തിയ പോരാട്ടവും വിജയത്തില്‍ നിര്‍ണായകമായി
കര്‍ഷക രോഷം ഗ്രാമങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുനിസിപ്പല്‍ കൗണ്‍സില്‍/നഗര്‍ പഞ്ചായത്തുകളില്‍ 1817 സീറ്റുകളിലേക്കായിരുന്നു ജനവിധി. ബിജെപിക്ക് നേടാനായത് 29 സീറ്റു മാത്രം.
ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയത് ഭരണകക്ഷിയായ കോണ്‍ഗ്രസാണ്. 1102 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. ശിരോമണി അകാലിദളിന് കിട്ടിയത് 252 സീറ്റു മാത്രം. 374 സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ആം ആദ്മി ടിക്കറ്റില്‍ 51 പേര്‍ ജയം കണ്ടു. ബിഎസ്പിക്ക് അഞ്ചു സീറ്റു കിട്ടി.
വോട്ടെണ്ണിയ ഏഴ് കോര്‍പറേഷനുകളില്‍ ആറിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വെന്നിക്കൊടി നാട്ടി. ഭതിന്‍ഡ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അബോഹര്‍, ബടാല, പത്താന്‍കോട്ട് കോര്‍പറേഷനുകളാണ് കോണ്‍ഗ്രസ് ഭരിക്കുക. മോഗ കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു. അമ്പത് വാര്‍ഡുകളുള്ള മോഗയില്‍ 20 ഇടത്താണ് കോണ്‍ഗ്രസ് ജയിച്ചത്.
പഴയ കണക്കുകള്‍ ഇങ്ങനെ
ശിരോമണി അകാലിദളും ബിജെപിയും ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട 2015 ല്‍ 301 കോര്‍പറേഷന്‍ സീറ്റുകളില്‍ 167 ഇടത്തും സഖ്യം വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ജയിച്ചത് 68 സീറ്റുകളില്‍ മാത്രമായിരുന്നു.
2037 മുനിസിപ്പല്‍ വാര്‍ഡുകളില്‍ അകാലിദള്‍-ബിജെപി സഖ്യം വിജയിച്ചത് 1161 ഇടത്തായിരുന്നു. കോണ്‍ഗ്രസിന് 253 ഇടത്ത് മാത്രമാണ് ജയിക്കാനായത്. ഇവിടെ നിന്നാണ് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആം ആദ്മി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.
തന്റെ സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് അനുകൂലമായും കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുമുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഊര്‍ജം നല്‍കുന്നത് കൂടിയാണ് തദ്ദേശ വിധിയെഴുത്ത്.
ദേശീയതലത്തിലും കോണ്‍ഗ്രസിന് പഞ്ചാബിലെ വിജയം വലിയ ഉണര്‍വാണ് നല്‍കുക. അടുത്ത് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രചാരണായുധങ്ങളില്‍ ഒന്ന് പഞ്ചാബിലെ വിജയം തന്നെയാകും.