വലിയ നഗരങ്ങൾ പിന്നിട്ട് വാഹനങ്ങളുടെ നീണ്ട വരികളെ പിന്നിലാക്കി ഒരു യാത്ര. കുഞ്ഞുഗ്രാമങ്ങളിൽ നിന്നും കൃഷിയിടങ്ങളിലേക്കും വയലുകളിലേക്കും അവിടുന്ന് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വഴികളും കയറിയൊരു ചെറിയ യാത്ര. ബാംഗ്ലൂരിലെ മടുപ്പിൽ നിന്നും തിരക്കുകളിൽ നിന്നും ഒന്നു ഫ്രീ ആയി കുറച്ചു ശുദ്ധവായു ശ്വസിച്ച് പച്ചപ്പിന്‍റെ കാഴ്ചകൾ കണ്ടുവരാന്‍ ആഗ്രമുണ്ടെങ്കിൽ പറ്റിയ ഒരു കിടിലൻ സ്ഥലമുണ്ട്. പഞ്ചപ്പള്ളി ഡാം. ബാംഗ്ലൂരിൽ നിന്നും അതിർത്തി കടന്ന് തമിഴ്നാട്ടിലെ ഹൊസൂരിലാണ് പഞ്ചപ്പള്ളി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഒരു യാത്ര പോയാലോ എന്നു തോന്നുമ്പോൾ തന്നെ വണ്ടിയുമെടുത്ത് ജിപിഎസും ഓണാക്കി വരാൻ പറ്റിയ സ്ഥലം. അണക്കെട്ടെന്നു പറഞ്ഞാലും ഇവിടുത്തെ വ്യൂ, റിസർവോയർ, മലനിരകൾ എല്ലാം സമ്മാനിക്കുന്നത് വൻ യാത്രാനുഭവം തന്നെയാണ്. ബാംഗ്ലൂരിൽ നിന്നുള്ള ബൈക്ക് റൈഡുകൾക്ക് പറ്റി സ്ഥലവും കൂടിയാണിത്. വിശാലമായി കിടക്കുന്ന റിസർവോയറും അതിനു ചുറ്റിലുമുള്ള കാടും പാറക്കെട്ടുകളും പച്ചമരങ്ങളും ഒന്നിച്ചു നിറഞ്ഞ മലയും പിന്നെ കരയിലെ പച്ചപ്പും അതിൽ മേഞ്ഞു നടക്കുന്ന പശുക്കളും. ഇതാലോചിക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമില്ലേ. അതിനും മുകളിലാണ് ഇവിടുത്തെ കാഴ്ച. കണ്ണെടുക്കാൻ തോന്നിപ്പിക്കാത്ത പോലെ, ഒരു ക്യാൻവാസിൽ വരച്ചുവെച്ചപോലെ തോന്നിക്കുന്ന ഒരു നാടാണ് പഞ്ചപ്പള്ളിയും ഇവിടുത്തെ അണക്കെട്ടും.
ബാംഗ്ലൂർ സിറ്റിയിൽ നിന്നും 79 കിലോമീറ്ററും ഹൊസൂരിൽ നിന്ന് 45 കിലോമീറ്ററുമാണ് പഞ്ചപ്പള്ളിയിലേക്കുള്ള ദൂരം. രാവിലെ ബാംഗ്ലൂരിൽ നിന്നും ഇറങ്ങി ഹൊസൂരിലെത്തി പ്രഭാതഭക്ഷണം കഴിച്ച് യാത്ര തുടരുന്ന വിധത്തിൽ പ്ലാൻ ചെയ്യാം. ഹൊസൂരിൽ നിന്നും തേങ്കനിക്കോട്ടെ റൂട്ടിൽ യാത്ര തുടരണം. തേങ്കനിക്കോട്ടയിൽ നിന്നും 20 കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ പഞ്ചപ്പള്ളിയിൽ എത്താം. മാത്രമല്ല,ഈ യാത്രയിലെ റൂട്ടും എടുത്തുപറയേണ്ടതാണ്. തേങ്കനിക്കോട്ട-പഞ്ചപ്പള്ളി റൂട്ടിൽ കയറുമ്പോൾ തന്നെ വഴിയുടെ വിസ്തൃതി കുറയും. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഭംഗിയിൽ മലകളും കുന്നുകളും കണ്ണിന്‍മുന്നിലെത്തും.
ക്രമേണ കടന്നുപോകുന്ന ഭൂമിയും മാറും. ഈ യാത്ര എത്തിച്ചേരുന്നത് ഒരു തടാകക്കാഴ്ചയിലേക്കാണ്. പച്ചപ്പിനു നടുവിൽ നിറഞ്ഞു കിടക്കുന്ന പഞ്ചപ്പള്ളി റിസർവോയർ. ഡാമിന്‍റെ മുൻവശത്ത് വണ്ടിനിർത്തി ഇറങ്ങാം. പ്രവേശനാനുമതി മേടിച്ച് ഡാമിന്‍റെ കാഴ്ചകളും ഒപ്പം സമീപത്തെ സ്ഥലങ്ങളും കാണാം. മലകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് തന്നെ ഒരു രസകരമായ കാഴ്ചയാണ്. ഓരോ സീസണിലും ഓരോ മുഖമാണ് റിസർവോയറിന്. മഴക്കാലത്ത് ഇവിടേക്കുള്ള വഴിയും റിസർവോയറും പച്ചയിൽ പുതച്ചു കിടക്കുകയാവും. പുൽമേടിന്‍റെ സൗന്ദര്യം പറയാനില്ല. ഇവി വേനലിലാണ് യാത്രയെങ്കിൽ മറ്റൊരു നിറവും മനോഹാരിതയും ഇവിടെ ആസ്വദിക്കാം.
1977 ൽ നിർമ്മിച്ച പഞ്ചപ്പള്ളി ഡാം ആണ് കാലങ്ങളായി ധർമ്മപുരി ജില്ലക്കാരുടെ ദാഹമകറ്റുന്നതും കൃഷിവിളകളെ പരിപാലിക്കുന്നതും. തേന്‍കനികോട്ട, തള്ളി എന്നിവിടങ്ങളിലെ വനങ്ങളിൽ നിന്നാണ് ഇവിടേക്കുള്ള വെള്ളം അധികവും എത്തുന്നത്. ഇവിടെ കുട്ടവഞ്ചിയിൽ വെള്ളത്തിലൂടെ യാത്ര ചെയ്ത് ഡാമും പരിസരവും കൂടുതൽ എക്സ്പ്ലോര്‍ ചെയ്യുവാനും സാധിക്കും. കൂടാതെ കുറേയധികം വെള്ളച്ചാട്ടങ്ങളും ഈ റൂട്ടിൽ കാണാം. പേരന്തപ്പള്ളി വെള്ളച്ചാട്ടം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. മടക്കയാത്രയില് തമിഴ്നാട് സ്റ്റൈലിൽ രുചികരമായ ബിരിയാണിയും മറ്റു വിഭവങ്ങളും വിളമ്പുന്ന നിരവധി കടകൾ കാണാം. ഈ രുചികൾ കൂടി പരീക്ഷിക്കാൻ മറക്കരുത്.