മുംബൈ: താന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും താന്‍ രണ്ടുതവണ നേരിട്ട് കണ്ടുവെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വാര്‍ത്താ ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും പങ്കജ മുണ്ടെ വ്യക്തമാക്കി. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണ് പങ്കജ തന്റെ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ഉറപ്പിച്ച പങ്കജ മുണ്ടെ, രാഷ്ട്രീയത്തില്‍ നിന്ന് താത്കാലിക ഇടവേള എടുക്കുകയാണെന്നും പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പങ്കജ മുണ്ടെ ആരോപിച്ചു. 20 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചിട്ടും എന്റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നു. എനിക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സോണിയ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കണ്ടിട്ടില്ലെന്ന് സത്യം ചെയ്യുന്നു, ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം എന്റെ രക്തത്തിലുണ്ട്. അടല്‍ ബിഹാരി വാജ്പേയിയും ഗോപിനാഥ് മുണ്ടെയും കാട്ടിത്തന്ന പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് – പങ്കജ മുണ്ടെ പറഞ്ഞു.