കണ്ണൂർ : പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. കേസിൽ പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല? പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പോലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ഇസ്മയിൽ എന്ന ഉദ്യോഗസ്ഥന് പ്രമോഷൻ നൽകിയത് പോലും സിപിഎം ഇടപെട്ടാണ്. പ്രതികളിൽ 10 പേരെയും തിരിച്ചറിഞ്ഞുവെന്ന് പറയുന്ന പോലീസ്, എന്ത് കൊണ്ട് ആരെയും അറസ്റ്റ് ചെയ്തില്ല? അറസ്റ്റ് ചെയ്തയാളെ പിടിച്ചു കൊടുത്തത് നാട്ടുകാരാണ്. പിടിയിലായ പ്രതിയെ കൃത്യമായി ചോദ്യം ചെയ്തിട്ടില്ല. എന്നാൽ അക്രമ കേസിൽ പ്രതിയായവരെ തല്ലിച്ചതച്ചു. യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയിൽ പോകും. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ വന്ന സന്ദേശം ഗൂഢാലോചനക്ക് തെളിവാണ്. സംഭവ ദിവസം അവിടെ പോയിട്ടില്ലെന്ന പാനോളി വത്സന്റെ പ്രതികരണം തന്നെ ഗൂഢാലോചനക്ക് തെളിവാണ്. ആകാശ് തില്ലങ്കേരിയുടെ സാന്നിധ്യം പാനൂരിൽ ഉണ്ടായിരുന്നു. ആവശ്യമെങ്കിൽ സാക്ഷികളെ ഹാജരാക്കും. മട്ടന്നൂർ ഷുഹൈബിനെ കൊന്ന അതേ രീതി തന്നെയാണ് ഇവിടെയുമുള്ളത്. ഷുഹൈബ് കൊലക്കേസ് പ്രതിയുടെ സാന്നിധ്യവും ഗൂഢാലോചനയുടെ തെളിവാണ്.
സിപിഎം എത്ര കാലം ഈ കൊലപാതകം തുടരും? സിപിഎം നേതാക്കളുടെ പ്രസ്താവനകൾ കാണുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങൾ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണം. ടി പി വധക്കേസിൽ പിണറായി വിജയൻ പോലും പ്രതിയാകേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പിണറായി വിജയൻ രക്ഷപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.