പത്തനംതിട്ട: ശബരിമല യുവതീപ്രവേശനനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം. ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ല. ആഭ്യന്തരവകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കി നല്‍കി ഇടതുപക്ഷം പരസ്യമായി മാപ്പു പറയണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
സുപ്രീകോടതിയില്‍ ശബരിമല വിഷയത്തില്‍ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്ങ് മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കൊട്ടാരം അയ്യപ്പഭക്തര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞത് പോലും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ആരോപിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതികരണം. കഴിഞ്ഞ ദിവസമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.