കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹാജരാകണം. അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫറോക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഭാര്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചുവെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് രാഹുല്‍ ഹര്‍ജിയിലൂടെ ഹൈക്കോടതിയെ അറിയിച്ചത്. രാഹുലിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഫറോക് പോലീസ് നല്‍കിയ മറുപടി. ശരീരത്തില്‍ മുറിവുകളോടെയാണ് പരാതിക്കാരി പോലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമാണ്. പരാതിയില്‍ പറഞ്ഞത് മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ട്. രാഹുലിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസ് റദ്ദാക്കണമെന്ന യുവതിയുടെ സത്യവാങ്മൂലം എന്നുമാണ് കോഴിക്കോട് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.