നഗരൂർ: തിരുവനന്തപുരം ജില്ലയിലും പുറത്തുമായി നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. അടൂർ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരനെ (49) യാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 ന് മുണ്ടയിൽകോണം സലാമിയ മൻസിലിൽ സഫീറുദ്ദീന്റെ വീടിന്റെ ജനൽ പൊളിച്ച് മോഷണം നടത്തുവാൻ ശ്രമിക്കുന്നതിനിടെ കുടുംബം ഉണർന്നതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെയും സമീപപ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 10 ന് പുലർച്ചെ ഒളിച്ചുകഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പ്രതിയെ പിടികൂടിയത്.
നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞ് മോഷണം നടത്തിവരികയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇയാൾ പ്രതിയായ നിരവധി മോഷണക്കേസുകളുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.