ഏറണാകുളം : വടക്കേക്കരയെ ചുവപ്പണിയിച്ച് വ്ളാത്താങ്കര ചീര. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കരയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ഏറെയുണ്ടാകും. എന്നാൽ വൈകാതെ അവർ ഏറണാകുളം ജില്ലയിലെ പറവൂരിലെ വടക്കേക്കര ഗ്രാമ പഞ്ചായത്തിനെക്കുറിച്ചും അവിടുത്തെ പച്ചക്കറിക്കർഷകരുടെ മികവിനെക്കുറിച്ചും അറിയും.
നല്ല ‘ചുവപ്പൻ വ്ലാത്താങ്കരചീര’യുടെ വിത്തുകൾ കേരളമെമ്പാടും എത്തുന്നതോടെ നാട് ‘ഫേമസാ’കുമെന്ന സന്തോഷമാണ് ഇവിടുത്തെ കൃഷിക്കാർ. വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരും ആ ചീരയില കറി വയ്ക്കുന്നവരും വ്ലാത്താങ്കരയെന്ന പേര് മനസ്സിൽ സൂക്ഷിക്കും. അത്രയ്ക്കു സുന്ദരവും രുചികരവുമാണ് ഈയിനം. എവിടെനിന്നാണ് വ്ലാത്താങ്കരക്കാർക്ക് സവിശേഷമായ ഈ ചീരയിനം കിട്ടിയതെന്ന് അന്വേഷിക്കുന്നവരുണ്ടാകാം. ഈ നാടിന്റെ കണ്ടെത്തലാണത്. വ്ലാത്താങ്കരയിലെ കൃഷിക്കാരനായ തങ്കയ്യൻ മാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരയുടെ കെട്ടുകളിൽനിന്നാണ് ഒരു കുഞ്ഞൻതൈ കണ്ടെത്തിയത്. പ്രത്യേകതയുള്ള നിറമാണതിനെന്നു തോന്നിയതുകൊണ്ട് ആ ചീരത്തൈ വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. കൃഷിക്കാരന്റെ നിരീക്ഷണം തെറ്റിയില്ല. കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന സുന്ദരിയായി ആ ചീരച്ചെടി വളർന്നു. അതിൽനിന്നുള്ള വിത്തെടുത്ത് വീണ്ടും പാകി. കൂടുതൽ ചെടികളിൽനിന്നു കൂടുതൽ വിത്തുകൾ കിട്ടിയപ്പോൾ ചോദിച്ചുവാങ്ങാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. അങ്ങനെ ആ ഇനം വ്ലാത്താങ്കരയുടെ സ്വന്തമായി. വ്ളാത്തങ്കര ചീരവിത്തിന് കിലോയ്ക്ക് മൂവായിരം രൂപയാണ് വില.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജീവനി (നമ്മുടെ കൃഷി …. നമ്മുടെ ആരോഗ്യത്തിന്) പദ്ധതി പ്രകാരം പൈതൃക വിത്തുകൾ ഭക്ഷ്യസുരക്ഷയ്ക്ക്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനായി കേരളത്തിലെമ്പാടും ഈ നാടൻ ചീരയിനം എത്തിക്കുകയാണ് ലക്ഷ്യം. ജീവനി പദ്ധതിയുടെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്തിലുടനീളം വ്ളാത്തങ്കര ചീര കൃഷി വ്യാപിപ്പിക്കുകയാണ് വടക്കേക്കര കൃഷിഭവൻ. വ്ളാത്താങ്കരയിലെ കർഷകരിൽ നിന്നും വാങ്ങിയ ഒരു കിലോ ചീരവിത്ത് നൂറോളം കർഷകർക്ക് നൽകി കൃഷിയാരംഭിച്ച് വിത്ത് ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ആരംഭിച്ചു. ഒരുവർഷം വരെ പൂഷ്പ്പിക്കാതെ നിൽക്കുവാനുള്ള ശേഷിയുള്ളതിനാൽ വ്ളാത്താങ്കര ചീര കൃഷി ലാഭകരമാണ് . മറ്റ് ചീരയിനങ്ങളെ അപേക്ഷിച്ച് ഇതിന് രോഗ പ്രതിരോധശേഷിയും കൂടുതലാണ്. ആരെയും ആകർഷിക്കുന്ന ചുവപ്പ് നിറം വ്ളാത്താങ്കര ചീര പ്രീയങ്കരമാകുന്നു.