പാരീസ്: ഒളിമ്പിക്സ് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ എതിരാളിയായ ഗ്രേറ്റ് ബിട്ടനെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. നിശ്ചിത സമയത്തിൽ ഇരുടീമുകളും സമനില നേടിയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ബ്രിട്ടീഷ് ആക്രമണത്തിൽ നിന്ന് ഗോൾ പോസ്റ്റിന് മുന്നിൽ വൻ മതിൽ തീർത്ത മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ വിജയശിൽപ്പി.മത്സരത്തിനിടെ പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ കരുത്തോടെ പൊരുതുകയായിരുന്നു. മത്സരത്തിന്റെ 22ാം മിനിട്ടിൽ ഇന്ത്യൻ നായകൻ ഹർമൻ പ്രീത് സിംഗ് ഗോൾ നേടി ലീഡ് ഉയർത്തിയെങ്കിലും 27ാം മിനിട്ടിൽ ബ്രിട്ടന്റെ ലീ മോർട്ടൻ തിരിച്ചടിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4- 2നാണ് ഇന്ത്യയുടെ വിജയം. സെമിയിൽ ജർമനി അല്ലെങ്കിൽ അർജന്റീനയാകും ഇന്ത്യയുടെ എതിരാളി.മൂന്ന് വിജയങ്ങളും ഓരോ സമനിലയും തോൽവിയുമടക്കം 10 പോയിന്റുള്ള ഇന്ത്യ പൂൾ ബിയിൽ രണ്ടാം സ്ഥാനത്തായിരുന്നു പൂൾ എയിലെ മൂന്നാം സ്ഥാനക്കാരാണ് ബ്രിട്ടൻ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് അർജന്റീനയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ശേഷം അയർലാൻഡിനെ 2-0ത്തിന് തോൽപ്പിച്ചു.