മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിൽ കോട്ടാങ്ങൽ റോഡിൽ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്ത് വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കാരണം ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റും ഭിഷണിയാണ്.
റോഡിലേക്ക് ഇറക്കി വെച്ച് നടപ്പാതകൾ കയ്യേറിയുള്ള വ്യാപാരവും അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. ചുങ്കപ്പാറ – കോട്ടാങ്ങൽ റോഡിൽ എസ് എൻ ഡി പി ടി മുതൽ ജംഗ്ഷൻ വരെ റോഡിന്റെ വശങ്ങളിലെ പാർക്കിങ് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. വളവുകളും വാഹനങ്ങളുടെ അമിത വേഗതയും നിരവധി മരണങ്ങൾക്കും കാരണമായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.