കോന്നി : കോന്നി നഗരത്തിൽ സംസ്ഥാന പാതയിൽ റോഡിനു നടുവിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുകയും ചരക്കുലോറികൾ റോഡിലേക്ക് ഇറക്കിഇട്ട് സാധനങ്ങൾ കയറ്റി ഇറക്കുകയും ചെയ്യുന്നത് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. സ്വകാര്യ ബസുകളും കെ എസ് ആർ റ്റി സിയും ഉൾപ്പെടെയുള്ള ബസുകൾ റോഡിലേക്ക് ഇറക്കി നിർത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്. കോന്നി സെൻട്രൽ ജംഗ്ഷനിൽ പോലും ബസുകൾ നിർത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതുമായ സംഭവങ്ങൾ വ്യാപകമാണ്. ശബരിമല മണ്ഡല കാലമായതോടെ ഇതര സംസ്ഥാനത്ത് നിന്ന് അടക്കമുള്ള നിരവധി വാഹനങ്ങൾ ആണ് കോന്നി വഴി കടന്നു പോകുന്നത്. സംസ്ഥാന പാതയിൽ കൂടി കടന്നു പോകുന്ന ബസുകൾ സ്റ്റോപ്പിൽ അല്ലാതെ പെട്ടെന്ന് നിർത്തുമ്പോൾ പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടം നടക്കുന്നതിനുള്ള സാധ്യത ഏറെയാണ്.
കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് മുൻ വശം, കോന്നി ചന്ത മൈതാനി, ചൈനമുക്ക് തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമാണ് ബസ് നിർത്തി ആളുകളെ കയറ്റി ഇറക്കുവാൻ അനുവാദമുള്ളത്. എന്നാൽ ചില ബസ് ഡ്രൈവർമാർക്ക് തോന്നിയ രീതിയിൽ ആണ് ബസ് പാർക്ക് ചെയ്യുന്നത്. പുലർച്ചെയും രാത്രി സമയങ്ങളിളും ദീർഘ ദൂര കെ എസ് ആർ റ്റി സി ബസുകൾ പലതും റോഡിൽ നിർത്തിയിട്ട് ആളുകൾക്ക് ആഹാരം കഴിക്കാൻ അവസരം നൽകുന്നതും കോന്നിയിലെ സ്ഥിരം കാഴ്ചയാണ്. കോന്നി ട്രാഫിക് ഉപദേശക സമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും നടപ്പാകാതെ പോകുന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. കോന്നി സെൻട്രൽ ജംഗ്ഷനിൽ നിന്ന് നാല് ഭാഗത്തേക്ക് ഉള്ള റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.