ദില്ലി: ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് ചർച്ച വേണമെന്നുള്ള പ്രതിപക്ഷ ആവശ്യം ഇന്നും പാർലമെന്‍റിനെ പ്രക്ഷുബ്ദമാക്കും. ഹോളിക്ക് ശേഷം ചർച്ച എന്ന സർക്കാർ നിലപാട് ഇന്നലെ പ്രതിപക്ഷം തള്ളിയിരുന്നു. സഭ നടപടികളുമായി മുന്നോട്ടു പോകാൻ സ്പീക്കർ ശ്രമിച്ചപ്പോൾ ഇന്നലെ അംഗങ്ങൾക്കിടയിൽ ഉന്തും തള്ളും നടന്നു. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി വേണമോയെന്ന് സ്പീക്കർ ഇന്ന് തീരുമാനിക്കും.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വീട്ടിലെ അക്രമവും പ്രതിപക്ഷം ഉന്നയിക്കും. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലേത് പോലെ നാടകീയമായ രംഗങ്ങള്‍ക്കായിരിക്കും ഇന്നും സഭ ഇന്നും സാക്ഷിയാവുക. ആലത്തൂർ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായാണ് ഇന്നലെ കയ്യാങ്കളി നടന്നത്.
പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകർക്കാൻ ടി എൻ പ്രതാപൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ഇനി അച്ചടക്ക ലംഘനമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാർ പോയാൽ ഈ സമ്മേളനക്കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്യുമെന്നും ഇന്നലെ രാവിലെ സ്പീക്കർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഇതെല്ലാം തെറ്റിച്ചതോടെ രമ്യ ഹരിദാസിനെതിരെ അടക്കം സ്പീക്കര്‍ നടപടിയെടുത്തേക്കും. ദില്ലി കലാപത്തെക്കുറിച്ച് ഇന്നലെ ചർച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേർന്നപ്പോൾ ഹോളി അവധിക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹോളി അവധിക്ക് ശേഷം മാർച്ച് 11-ന് ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു.
ഇതോടെ ലോക്സഭയിലെ പ്രതിപക്ഷനേതാവായ അധിർ രഞ്ജൻ ചൗധുരി സ്പീക്കറുടെ വിലക്ക് ലംഘിച്ച് മറുവശത്തേക്ക് ഓടി. ഭരണപക്ഷത്തിന്റെ ഭാഗം വഴി സ്പീക്കറുടെ ചേംബറിലേക്ക് കയറാൻ ശ്രമിച്ചു. ഇതോടെ ചൗധുരിയെ തടയാൻ ബിജെപി എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങി. സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഒരു സംഘം ബിജെപി വനിതാ എംപിമാർ നടുത്തളത്തിലിറങ്ങി നിന്നു. പ്രതിപക്ഷ എംപിമാർ മറുവശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ശ്രമം.
അവിടേക്ക് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം എത്തി, ഈ പ്രതിരോധം മറികടക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മിൽ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാൻ ഈ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാൻ രമ്യാ ഹരിദാസും ശ്രമിച്ചു.ഇതോടെ അവരെ പിന്നോട്ട് തള്ളാൻ ബിജെപി എംപി ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി. ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതിൽ ടി എൻ പ്രതാപൻ അടിച്ചു തകർക്കാൻ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ സെക്രട്ടറി ജനറൽ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എൻ പ്രതാപൻ അടിച്ചു തകർക്കാൻ ശ്രമിച്ചത്.