ന്യൂഡൽഹി: രാജ്യം വികസനത്തിൻ്റെ പാതയിലാണെന്നും, എല്ലാവർക്കും തുല്യ പരിഗണനയാണ് നൽകുന്നതെന്നും പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. അവർ പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സാമ്പത്തിക സർവ്വേ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണം നടത്തും. നാളെ നടക്കുന്നത് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണമാണ്. സർക്കാർ യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവയ്ക്കായി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. സർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി എന്നീ ബില്ലുകൾക്കായി വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും, മാസങ്ങൾക്ക് മുൻപ് തന്നെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ 70 വയസിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ ഭരണഘടന അംഗീകരിച്ച് 75 വർഷം പൂർത്തിയായത് ആഘോഷിച്ചുവെന്നും, ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. മൂന്നാം മോദി സർക്കാർ മുൻ സർക്കാരുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും, സാധാരണക്കാരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ രാഷ്ട്രപതി, 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. സ്ത്രീശാക്തീകരണത്തിലൂടെ രാജ്യത്തെ ശാക്തീകരിക്കുന്നതിൽ സർക്കാർ വിശ്വസിക്കുന്നുവെന്നും, സേനയിൽ സ്ത്രീകൾ യുദ്ധവിമാനങ്ങൾ പറത്തുന്നതും പോലീസിൽ ചേരുന്നതും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും ഒക്കെ അഭിമാനകരമാണെന്നും പറഞ്ഞ അവർ, പെൺമക്കൾ ഒളിമ്പിക് മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.