ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അടിയന്തര ചര്‍ച്ച നടത്തണമെന്നും അമിത് ഷാ രാജി വെക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചു . രാജ്യസഭ ഉച്ചക്ക് രണ്ടു മണി വരെയും ലോക്സഭ 12 മണി വരെയുമാണ് നിര്‍ത്തിവെച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഡല്‍ഹി കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങുന്നത്. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടു വരുന്നതിന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല വിലക്കേര്‍പ്പെടുത്തി. സ്പീക്കറുടെ നടപടിക്കെതിരെയും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.
രണ്ടാം പാദ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സഭ നിര്‍ത്തിവെച്ച് ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. അതേസമയം ഡല്‍ഹി കലാപം സ്പീക്കര്‍ തീരുമാനിക്കുന്ന സമയത്ത് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
തിങ്കളാഴ്ച ലോക്സഭയിലെ ബഹളം കോണ്‍ഗ്രസ്-ബി.ജ.പി എംപിമാര്‍ തമ്മിലുള്ള കൈയാങ്കളിയിലെത്തിയിരുന്നു. തന്നെ ശാരീരികമായി ആക്രമിച്ചു എന്നു ചൂണ്ടിക്കാട്ടി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.