കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്കൂൾ ലീഡർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ നാല് പോളിംഗ് ബൂത്തുകളിലായി ഡിജിറ്റൽ സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി, പിടിഎ പ്രസിഡണ്ട് ഫൈസൽ കെ, വൈസ് പ്രസിഡന്റ് കിൽസി കിൽക്കർഎന്നിവർ പോളിങ് ബൂത്തുകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.യാക്കോബ് ഓ ഐ സി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഇലക്ഷൻ ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചറിയൽ രേഖയുമായാണ് വോട്ട് രേഖപ്പെടുത്താൻ കുട്ടികൾ എത്തിയത്. കൈകളിൽ മഷി പുരട്ടി കമ്പ്യൂട്ടർ മോണിറ്ററിലൂടെ വോട്ട് രേഖപെടുത്തിയത് ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് പുതിയ അനുഭവമായി. 92% പോളിങ് നടന്നതായി ഇലക്ഷൻ കൺവീനർ സബിത എം. എസ് അറിയിച്ചു. സ്കൂൾ സാമൂഹികശാസ്ത്രം വിഭാഗത്തിന്റെയും ഐ ടി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡറായി പ്ലസ് ടു വിദ്യാർത്ഥി ഫവാസ് കബീറും അസിസ്റ്റന്റ് സ്കൂൾ ലീഡറായി നന്ദകിഷോർ ടി സിയും തിരഞ്ഞെടുക്കപ്പെട്ടു.