പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റുകൾ നന്നാക്കാനുള്ള പാർട്സുകൾ ഇന്നലെയും എത്തിയില്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടാവുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ലിഫ്റ്റ് വേഗത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ട ആവശ്യകത നിരവധി തവണ ബോദ്ധ്യപ്പെടുത്തിയിട്ടും കമ്പനി നിസംഗ മനോഭാവമാണ് കാണിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഹൈദരാബാദിൽ നിന്ന് അയച്ച ലിഫ്റ്റിന്റെ പാർട്സുകൾ ഇതുവരെ ജില്ലയിലെത്തിയിട്ടില്ല. ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ജനറൽ ആശുപത്രി അധികൃതർ നാല് ലക്ഷം രൂപ കമ്പനിക്ക് മുൻകൂറായി അടച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം രോഗി ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വാതിൽ പൊളിക്കേണ്ടി വന്നത് നന്നാക്കാനുള്ള തുക വാർഷിക അറ്റകുറ്റപ്പണിയുടെ ഫണ്ടിൽ ഉൾപ്പെടുത്താനാവില്ലെന്ന് കമ്പനി ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു.
ലിഫ്റ്റ് നന്നാക്കാനുള്ള തുക കമ്പനിക്ക് അടയ്ക്കണം. ഇതിനുളള എസ്റ്റിമേറ്റ് കമ്പനി നൽകും. പാർട്സുകൾ ലഭിച്ചാൽ അതിന്റെ വിലയും തൊഴിലാളികൾക്കുള്ള വേതനവും ആശുപത്രി അധികൃതർ അടക്കേണ്ടിവരും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ തുണി സ്ട്രെച്ചറിലാണ് മുകളിലെ നിലയിൽ നിന്ന് താഴേക്കു കൊണ്ടുവരുന്നത്. രോഗി സ്ട്രെച്ചറിൽ നിന്ന് താഴെ വീണെന്ന പരാതി ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. മനപൂർവം ലിഫ്റ്റ് തകർത്തെന്ന തരത്തിലാണ് കമ്പനിയുടെ ഇടപെടലെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു.