മധുര: 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം. കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്. അതേസമയം എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി ആയേക്കുമെന്നും സൂചനയുണ്ട്. മധുരയെ ചെങ്കടലാക്കി നടക്കുന്ന മഹാറാലിയോടെ തൊഴിലാളി ഉത്സവമായ സിപിഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പകൽ മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും.
വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വാളന്റിയർമാർ അണിനിരക്കും. സിപിഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്. 6 ദിവസം നീണ്ട പാർട്ടി നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് തൊഴിലാളി വർഗ്ഗ പ്രസ്ഥാനം രാജ്യമാകെ ബ്രാഞ്ച്, ലോക്കൽ, ഏര്യാ, ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ ചിട്ടയോടെ നടത്തി ഉൾപാർട്ടി ജനാധിപത്യത്തിലൂടെ ചർച്ചകളും വിമർശനങ്ങളും നിർദ്ദേശങ്ങളും തിരുത്തലുകളും പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച് ഇടതുപക്ഷ നയങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് നടക്കുന്നത്.