ന്യൂഡല്‍ഹി: പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങാനിരിക്കെ, ചോര്‍ന്നുപോകുന്ന പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മാറ്റിയെങ്കിലും വേണ്ടത്ര മാറ്റമുണ്ടാക്കാനായില്ലെന്നാണ് സിപിഎം നിരീക്ഷണം. മധുരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ ഒന്നിന് പതാക ഉയരും. കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനങ്ങളില്‍ പലതും നടപ്പാക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന സ്വയംവിമര്‍ശനമാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകനരേഖയില്‍ നടത്തുന്നത്.
പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കലില്‍ കാര്യമായ ചര്‍ച്ചനടക്കുമെന്ന് കരട് അവലോകനരേഖ വ്യക്തമാക്കി. ‘2002-ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വിലയിരുത്തിയത് പാര്‍ട്ടിയുടെ ബഹുജനാടിത്തറയും കരുത്തും മുരടിച്ചുനില്‍ക്കുന്നുവെന്നാണ്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ബഹുജനാടിത്തറ തകര്‍ന്നതോടെ, സ്ഥിതി ഗുരുതരമായി. തകര്‍ച്ചയെന്നത് പൊതുസ്വഭാവമായി’- കരട് അവലോകനരേഖ ചൂണ്ടിക്കാട്ടി.