പീരുമേട് : നൂറുകണക്കിന് സാധാരണക്കാരെ ഉൾപ്പെടെ പട്ടയ ഭൂമിയിൽ നിന്നും പുറത്താക്കാനുള്ള റവന്യൂ വകുപ്പിന്റെ ജനദ്രോഹ നടപടിക്കെതിരെ ജനകീയ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസിലേക്ക് ഉജ്വല ബഹുജന മാർച്ച് സംഘടിപ്പിച്ചു. റവന്യൂ വകുപ്പിന്റെ ആശാസ്ത്രീയ നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂഉടമസ്ഥരെ അവരുടെ വസ്തുവിൽ നിന്നും ഒഴിപ്പിക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ ഭൂസംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. പീരുമേട് നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ് കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ രാമൻ അധ്യക്ഷത വഹിച്ചു.
പീരുമേട് വില്ലേജിലെ സർവേ 534, മഞ്ചുമല വില്ലേജിലെ സർവേ 441 നമ്പരുകളിൽ ഉൾപ്പെടുന്ന ഭൂപ്രദേശത്തെ എല്ലാ തരത്തിലുള്ള നിർമാണങ്ങളും കഴിഞ്ഞ മാർച്ച് മുതൽ റവന്യൂ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. ഇതോടൊപ്പം പ്രദേശത്തെ വസ്‌തു ഉടമസ്ഥരുടെ ഭൂരേഖകൾ പരിശോധനയ്ക്കായി ഹാജരാക്കുവാൻ ആവശ്യപ്പെടുകയും രേഖകൾ പരിശോധിക്കുകയുമാണ്. പട്ടയം ലഭിച്ചു പരമ്പരാഗതമായി കൈവശം വെച്ചും വീടുവെച്ചും കൃഷി ചെയ്തും കഴിഞ്ഞുവരുന്നവരും രജിസ്ട്രേഷൻ നടപടികളിലൂടെ ഭൂമി വിലയ്ക്കു വാങ്ങിയവരുമായ ഗ്രാമ്പി, കല്ലാർ, ഓട്ടപ്പാലം, പീരുമേട്, എആർ ഓഫീസ് ഭാഗം എന്നിവിടങ്ങളിലെ ജനങ്ങൾക്കെതിരായാണ് റവന്യൂ വകുപ്പിന്റെ അന്യായ നടപടികൾ.
പരുന്തുംപാറ ഭൂമി കയ്യേറ്റം എന്നപേരിൽ റവന്യൂ വകുപ്പ് നടത്തുന്ന നീക്കം പ്രദേശത്തെ ജനങ്ങളെ അവിടെ നിന്നും കുടിയിറക്കുന്നതിനാണ്. ഒപ്പം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന പരുന്തുംപാറയുടെ വികസനത്ത തകർക്കുന്നതിനും നിർമ്മാണം ഉൾപ്പെടെ തൊഴിലാളികളുടെ ജോലിയും വരുമാനവും നിഷേധിക്കുന്നതുമാണ്. സർക്കാർ ഭൂമി കയ്യേറിയവരുണ്ടെങ്കിൽ കണ്ടെത്തി ഭൂമി തിരികെ പിടിക്കണം. ഇത് എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് സാധരണക്കാരായ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നടപടികളും അതിന് മുന്നോടിയായുള്ള നിർമ്മാണ നിരോധനവുമാണ്. റവന്യൂ വകുപ്പിന്റെ തെറ്റായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനകീയ ഭൂസംരക്ഷണ സമിതി നേതൃത്വത്തിൽ നടന്ന സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അംഗം നഷീദ് സുലൈമാൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പനാർ യൂണിറ്റ് പ്രസിഡന്റ് ടി ജെ മാത്യു, കേരള വ്യാപാരി വ്യവസായി സമിതി പാമ്പനാർ യൂണിറ്റ് പ്രസിഡന്റ് എസ് ജോൺപോൾ, സംരക്ഷണ സമിതി കൺവീനർ ആർ ദിനേശൻ
എന്നിവർ സംസാരിച്ചു. സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിജയാനന്ദ്, എം തങ്കദുര എന്നിവർ പങ്കെടുത്തു.