പീരുമേട്: പരുന്തുപാറ ഭൂവിഷയം രൂക്ഷമാകുന്നു, ജനകീയ ഭൂസംരക്ഷണ സമിതിയുടെ നേത്രുത്വത്തില്‍ നാളെ (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പീരുമേട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുന്നു. റവന്യൂ വകുപ്പിന്റെ അശാസ്ത്രീയമായ നിര്‍മ്മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, ഭൂവുടമകളെ അവരുടെ വസ്തുവില്‍ നിന്നും ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സ്ഥലവാസികള്‍, വ്യാപാരി വ്യവസായികള്‍, റിസോര്‍ട്ട് ഉടമകള്‍, ഹോംസ്റ്റേ നടത്തിപ്പുകാര്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ജനകീയ ഭൂസംരക്ഷണ സമിതി കണ്‍വീനറും പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ആര്‍.ദിനേശന്‍ അറിയിച്ചു.
പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രാജന്‍, ഐ.യു.എം.എല്‍ ജില്ലകമ്മിറ്റി അംഗം നഷീദ് സുലൈമാന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പനാര്‍ യൂണിറ്റ് പ്രസിഡന്റ് റ്റി.ജെ മാത്യു, വ്യാപാരി വ്യവസായി സമിതി പാമ്പനാര്‍ യൂണിറ്റ് പ്രസിഡന്റ് എസ്.ജോണ്‍ പോള്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കും. പരുന്തുപാറ ഭൂമി കയ്യേറ്റം എന്നപേരില്‍ റവന്യൂ വകുപ്പ് നടത്തുന്ന നീക്കങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളെ അവിടെനിന്നും കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നുവെന്ന് ജനകീയ ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.ദിനേശന്‍ പറഞ്ഞു. പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമായും നിയമപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വാങ്ങിയവരെ കയ്യേറ്റക്കാരായും ചിത്രീകരിക്കുന്ന നടപടി തികച്ചും തെറ്റാണ്.
പട്ടയം ലഭിച്ചതും പരമ്പരാഗതമായി കൈവശത്തിലിരിക്കുന്നതുമായ സ്ഥലത്ത് വീട് വെച്ചും കൃഷിചെയ്തും ജീവിക്കുന്നവരെ തെരുവിലേക്ക് ഇറക്കിവിടുവാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം അനുവദിക്കില്ല, അതിനെ ശക്തമായി നേരിടുകതന്നെ ചെയ്യും. നിയമപരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് എല്ലാവരും ഭൂമി വാങ്ങിയിട്ടുള്ളത്. ഗ്രാമ്പി, കല്ലാര്‍, ഓട്ടപ്പാലം, പീരുമേട്, ഏ.ആര്‍ ഓഫീസ് എന്നീ പ്രദേശങ്ങളിലുള്ളവരാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളുടെ ഇരകളായി തീര്‍ന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടു. കുട്ടികളെ സ്കൂളില്‍ വിടുവാന്‍പോലും ബുദ്ധിമുട്ടുകയാണ് പലരും. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന പരുന്തുപാറയെ തകര്‍ക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ആര്‍.ദിനേശന്‍ പറഞ്ഞു.