നാരുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇതു ദഹനത്തിനു സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതും ആന്റി ഫംഗൽ ഗുണങ്ങളുള്ളതുമായ ഒരു ഡൈമെറിക് പ്രോട്ടീൻ പാഷൻ ഫ്രൂട്ടിലുണ്ട്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്.
വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്. രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു എന്നതാണു മറ്റൊരു സവിശേഷത. പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളമായിട്ടുണ്ട്. അതു മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നു പറയാം. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു. പാഷൻ ഫ്രൂട്ട് പല രീതിയിൽ ആഹാരത്തിലുൾപ്പെടുത്താം. ഇതിന്റെ പൾപ്പിൾ പഞ്ചസാരയും വെള്ളവും ചേർത്ത് ജ്യൂസാക്കി കൂടിക്കാം. വളരെ രുചികരമാണത്. പാഷൻ ഫ്രൂട്ടു കൊണ്ട് ജാം, മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവ തയാറാക്കാം. കേക്കുകളുടെ ടോപ്പിങ്, ഫ്ലേവറിങ് എന്നിവ ചെയ്യാം. സാലഡ് തയാറാക്കാം. (ഫ്രൂട്ട് സാലഡ്, സ്മൂത്തി).