റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു. ഇന്ത്യൻ പെന്തക്കോസ്‌ത് ചർച്ച് (ഐപിസി) റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ -ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ചെല്ലയ്ക്കാട് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. പാസ്റ്റര്‍ സണ്ണി ഡ്രൈവിംങ്ങിനിടെ ഉറങ്ങി പോയതായിട്ടാണ് പോലീസ് പറയുന്നത്. ബസിനു നേരെ കാര്‍ വരുന്നത് കണ്ട് പരമാവധി ഇടതു വശത്തേക്ക് ബസ് ഒതുക്കിയെങ്കിലും ഇടിച്ചു കയറുകയായിരുന്നു. ബസിന്‍റെ ഇടതു വശത്താണ് കാര്‍ ഇടിച്ചു കയറിയത്. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.
സണ്ണി ഫിലിപ്പും കുടുംബവും സഞ്ചരിച്ച കാർ പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായാണ് കൂട്ടിയിടിച്ചത്. രണ്ടു കാറുകളിലാട്ടാണ് മകനേയും കൂട്ടി സംഘം തിരികെ വന്നത്. പാസ്റ്റര്‍ സഞ്ചരിച്ച കാറിലായി ലഗേജ് ആണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹം ചൊവ്വാഴ്‌ച [ 22-4-2025] രാവിലെ 7 മുതൽ 9 വരെ പൂവൻമല എബനേസർ സഭയിൽ പൊതുദർശനത്തിന് ശേഷം 10 മുതൽ 1 വരെ റാന്നി കീകൊഴൂർ ഐപിസി സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കീകൊഴുർ സഭസെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: ഡോളി സണ്ണി (തുരുത്തിക്കര തടത്തിൽ കുടുംബാംഗം). മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.