പത്തനംതിട്ട : ആകാശവാണി എ.എം. നിലയങ്ങള്‍ നിര്‍ത്തുന്നതിന് പകരം ഡിജിറ്റല്‍ സംവിധാനത്തിലൂടെ പ്രക്ഷേപണം ഗ്രാമീണ മേഖലകളില്‍ എത്തിക്കണമെന്ന് ആവശ്യം ശക്‌തമാകുന്നു. നിലയത്തില്‍ ആകാശവാണിയുടെ നവീന ഡിജിറ്റല്‍ പ്രക്ഷേപണ സംവിധാനം സ്‌ഥാപിച്ചാല്‍ എഫ്.എം സര്‍വീസുകളും ഡിജിറ്റല്‍, എ.എം സിഗ്നല്‍ വഴിയുള്ള പ്രക്ഷേപണവും നടത്താന്‍ കഴിയുമെന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ യന്ത്ര സാമഗ്രികള്‍ കാലപ്പഴക്കത്താല്‍ ആണ് മാറ്റുന്നതെന്നും വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ കനത്ത നഷ്‌ടമാണ് പ്രസാര്‍ ഭാരതി നേരിടുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം
പഴയ സംവിധാനങ്ങള്‍ മാറ്റുന്നതിന് പകരം ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ചെലവ് കുറയുകയും ഒപ്പം ഏത് മേഖലയില്‍ വേണമെങ്കിലും ശബ്‌ദ വിന്യാസം നടത്താന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. ഡിജിറ്റല്‍ പരമ്പരാഗത റേഡിയോകളില്‍ പരിപാടി കേള്‍ക്കാം. വിവിധ രംഗങ്ങളിലെ പരിപാടികള്‍ ആസ്വദിക്കുന്ന ശ്രോതാക്കള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഗുണകരമാകും. ആകാശവാണി ആലപ്പുഴ നിലയത്തിന് പുറമെ കോഴിക്കോടിനും പൂട്ട് വീഴാന്‍ നടപടികള്‍ നടക്കവേ കൂടുതല്‍ നേതാക്കള്‍ സമ്മര്‍ദ്ദവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആലപ്പുഴ നിലയത്തിലുള്ളത് 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാന്‍സ്‌മിറ്റര്‍ മാറ്റി അഞ്ച് കിലോവാട്ട് ശേഷിയുള്ള എഫ്.എം ട്രാന്‍സ്‌മിറ്റര്‍ നില നിര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചു കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയ പാര്‍ലമെന്റ് അംഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചിട്ടുമുണ്ട്
എന്നാല്‍ നിലവിലെ ഉത്തരവ് ഒരാഴ്‌ചത്തേക്ക് മാത്രമാണ് പ്രസാര്‍ ഭാരതി മരവിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധയിടങ്ങളില്‍ ലഭിക്കുന്നത് ആലപ്പുഴ വഴിയാണ്. ഇതില്‍ എ.എം ട്രാന്‍സ്‌മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമേ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പോലും പരിപാടികള്‍ കേള്‍ക്കുന്നതില്‍ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു. നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്‌ഥലം മാറി പോകേണ്ടി വരും
നടപടിയുമായി മുന്നോട്ടു പോയാല്‍ തൊഴിലാളി സംഘടനകള്‍ക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ച് സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. മീഡിയം വേവ് റിലേ കേന്ദ്രങ്ങള്‍ ഓരോന്നായി അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് ഈ തീരുമാനം. മഹാപ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായ സമയങ്ങളില്‍ ദുരന്തമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള അറിയിപ്പുകള്‍ നല്‍കുന്നതിലും കാര്‍ഷികമത്സ്യബന്ധന മേഖലകളിലും ആകാശവാണി വലിയ പങ്കാണ് വഹിച്ചിരുന്നത്. ആലപ്പുഴയിലെ ട്രാന്‍സ്‌മിറ്ററാണ് ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ ജനങ്ങളിലെത്തിച്ചിരുന്നത്.
ജില്ലയിലെ വനപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പുറം ലോകത്ത വാര്‍ത്തകള്‍ അറിയാനുളള ഏക മാര്‍ഗം കൂടിയായിരുന്നു ആകാശവാണി. ആലപ്പുഴ ആകാശവാണി നിലയത്തിന്റെ നിലവിലുളള സംപ്രേഷണ പരിധി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ല വരെയുമാണ്. ലക്ഷക്കണക്കിന് ശ്രോതാക്കളാണ് നിലവില്‍ ആലപ്പുഴ നിലയത്തിലുള്ളത്