പത്തനംതിട്ട : കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നഗരസഭയുടെ പ്രഥമ വനിത പുറത്ത്. പ്രാധാന്യത്തോടെ ഇരിപ്പടം നല്‍കേണ്ടിയിരുന്ന വ്യക്തിത്വത്തിന് കസേര പോലും നല്‍കാതിരുന്നത് മനപൂര്‍വമെന്ന് സൂചന. ചടങ്ങ് നടന്ന ജില്ലാ സ്റ്റേഡിയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ ആ നിലയ്ക്കും വേദിയില്‍ ഒരു കസേര ചെയര്‍പേഴ്സന് കൊടുക്കേണ്ടിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റോസിലിന്‍ സന്തോഷിനെ വേദിയില്‍ കയറ്റിയെങ്കിലും ഇരിപ്പിടം നല്‍കിയിരുന്നില്ല. മുന്‍ ചെയര്‍മാന്‍ എ സുരേഷ് കുമാറിനും വേദിയില്‍ ഇരിപ്പിടം കിട്ടി. റോസിലിനും കൗണ്‍സിലര്‍ റോഷന്‍ നായരും 15 മിനുട്ടോളം അവിടെ നിന്നതിന് ശേഷം ഇറങ്ങുകയായിരുന്നു.
പോകുന്ന വഴിയില്‍ വച്ച് ജില്ലാ കളക്ടറെ കണ്ട് പരാതി പറഞ്ഞു. കലക്ടര്‍ എഡിഎമ്മിനെ വിളിച്ച് ചെയര്‍ പേഴ്സന് കസേര ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. എഡിഎം ഖേദം പ്രകടിപ്പിച്ച് തിരികെ വിളിച്ചെങ്കിലും ചെയര്‍പേഴ്സണ്‍ പിന്നീട് പോകാന്‍ തയാറായില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി കൊടുത്തത് നഗരസഭയായിരുന്നുവെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ജില്ലാ സ്റ്റേഡിയം കാടു തെളിച്ച് വൃത്തിയാക്കി. വേദിയിലേക്ക് വേണ്ട കസേരകള്‍ നഗരസഭയില്‍ നിന്നാണ് കൊണ്ടു പോയത്. ഇതിന് പുറമേ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കെല്ലാം മാസ്‌കും സാനിട്ടൈസറും നല്‍കി. ശുചീകരണ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കാലങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഒന്നാം നിരയില്‍ ചെയര്‍പേഴ്സന് ഇരിപ്പിടം നല്‍കാറുണ്ടായിരുന്നു. അന്ന് താലൂക്ക് ഓഫീസും വില്ലേജ് ഓഫീസും ചേര്‍ന്നാണ് ഇരിപ്പിട ക്രമീകരണം നടത്തിയിരുന്നത്. ഇക്കുറി ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. എഡിഎമ്മിനായിരുന്നു ചുമതലകള്‍. ഇവിടെയാണ് നഗരസഭയ്ക്ക് അവഹേളനം ഉണ്ടായത്.